അതിരപ്പിള്ളി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം നാളെ

അതിരപ്പിള്ളി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം നാളെ ഒക്ടോബര്‍ 2 രാവിലെ 11ന് റവന്യൂവകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. അരൂര്‍മുഴി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന്‍ എം പി മുഖ്യാതിഥിയാകും. സര്‍ക്കാരിന്റെ 2018-2019 പ്ലാന്‍ സ്‌കീം പദ്ധതിയിലുള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം അതിരപ്പിള്ളിയില്‍ പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. വെറ്റിലപാറയില്‍ ആറര സെന്റ് സ്ഥലത്ത് ഇരു നിലകളിലായി 1700 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് കെട്ടിടം ഒരുക്കിയിട്ടുള്ളത്. ഫ്രണ്ട് ഓഫീസ് സൗകര്യം, വില്ലേജ് ഓഫീസര്‍ക്കുള്ള പ്രത്യേക മുറി, ഓഫീസ് സംവിധാനം എന്നിവയാണ് ആദ്യനിലയിലുള്ളത്. ഇതിന് പുറമെ വിശാലമായ റെക്കോര്‍ഡ് റൂമും സൗകര്യങ്ങളും ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ ജില്ലാകലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, വൈസ് പ്രസിഡന്റ് ആതിര ദേവരാജ്, ജില്ലാ പഞ്ചായത്ത് അംഗം ജനീഷ് പി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാന്റി ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.