ജില്ലയിലെ ഡിജിറ്റല്‍ റീ സര്‍വ്വെയ്ക്ക് തുടക്കംകുറിച്ച് ചിയ്യാരത്ത് ഡ്രോണ്‍ ഫ്‌ളൈ നടന്നു

നാല് വര്‍ഷം കൊണ്ട് കേരളത്തിലെ 1550 വില്ലേജുകളില്‍ ഡിജിറ്റല്‍ റീ സര്‍വ്വേ പൂര്‍ത്തിയാക്കുമെന്നും കേരളത്തെ സമ്പൂര്‍മായി ഡിജിറ്റലായി അളക്കാനുള്ള വലിയ പരിശ്രമം നടക്കുകയാണെന്നും റവന്യൂ മന്ത്രി കെ രാജന്‍. തൃശൂര്‍ ജില്ലയില്‍ ഡിജിറ്റല്‍ റീ സര്‍വ്വെ ആരംഭിക്കുന്നതിന്റെ ഭാഗമായി ചിയ്യാരം വില്ലേജിന്റെ ഡ്രോണ്‍ ഫ്‌ളൈ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം ചരിത്രപരമായ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. ആദ്യഘട്ടമായി ഏപ്രില്‍ മാസത്തില്‍ കേരളത്തിലെ 200 വില്ലേജുകളില്‍ ഒരേ സമയം റീ സര്‍വ്വേ നടപടികള്‍ ആരംഭിക്കും. ഇതിലൂടെ എല്ലാവരുടെയും ഭൂമിക്ക് സ്വന്തമായ രേഖയുണ്ടാകുകയും കേരളത്തിന് പൊതുവായ ആവശ്യത്തിന് ഉപയോഗിക്കാന്‍ എവിടെയെല്ലാം ഭൂമി മാറ്റിവെച്ചിട്ടുണ്ട് എന്ന് ആധികാരികമായി പറയാന്‍ കഴിയുകയും ചെയ്യും. കേരളത്തിന്റെ പ്രകൃതി വിഭവങ്ങളെ അടയാളപ്പെടുത്താന്‍ കഴിയുന്ന ടോപ്പോഗ്രാഫിക്കല്‍ സര്‍വ്വേയും ഇതിന്റെ ഭാഗമായി നടക്കുമെന്നും മന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന തല വാചകത്തോടെ 2021 മുതല്‍ 2026 വരെ നീണ്ടു നില്‍ക്കുന്ന വിഷന്‍ ആന്റ് മിഷന്‍ 2021-26 പ്രക്രിയയുടെ ഭാഗമായാണ് ഡിജിറ്റല്‍ റീ സര്‍വ്വേ നടക്കുന്നത്. കൃത്യതയോടെയുള്ള ഭൂമിയുടെ രേഖ കൈമാറുക വഴി ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കാനുള്ള എല്ലാ വഴികളും സര്‍ക്കാരിന്റേതാക്കി മാറ്റാന്‍ ടോപ്പോഗ്രാഫിക്കല്‍ സര്‍വ്വേയും ഡിജിറ്റല്‍ റീ സര്‍വ്വേയും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂമിയുടെ കൊടുക്കല്‍ വാങ്ങല്‍ അസമത്വം, തട്ടിപ്പുകള്‍, അനധികൃത ഇടപെടലുകള്‍ എല്ലാം ഇതോടെ മാറും. ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് ഉപയോഗിക്കുന്ന പേള്‍, പോക്ക് വരവ് നടത്താന്‍ റവന്യൂ വകുപ്പ് ഉപയോഗിക്കുന്ന റിലീസ്, ലൊക്കേഷന്‍ സ്‌കെച്ച് കിട്ടാന്‍ സര്‍വ്വേ വകുപ്പ് ഉപയോഗിക്കുന്ന ഇ മാപ്പ് എന്നീ സോഫ്റ്റ്‌വെയറുകള്‍ കൂട്ടിച്ചേര്‍ക്കുന്ന ഒരു ഇന്റഗ്രേറ്റഡ് പോര്‍ട്ടലാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം. ഭൂമി വാങ്ങുമ്പോള്‍ തന്നെ പോക്കുവരവ് നടത്താനുള്ള സാധ്യതയും ലൊക്കേഷന്‍ മനസ്സിലാക്കാനും ഇതിലൂടെ കഴിയുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

ഭൂമി എന്റേതാണ് എന്ന് തെളിയിക്കുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിപ്ലവകരമായ പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നതെന്നും ചിയ്യാരം മോഡല്‍ എന്ന നിലയില്‍ ചിയ്യാരത്ത് തന്നെ ആരംഭിക്കുന്നു എന്നത് ശ്രദ്ധേയമായ നേട്ടമണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പറഞ്ഞു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പൂര്‍ണമായ പിന്തുണ ഇതില്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിയ്യാരം വില്ലേജില്‍ ഉള്‍പ്പെടുന്ന തൃശൂര്‍ കോര്‍പ്പറേഷനിലെ 22, 23, 25, 31, 32, 33, 34, 35, 42 എന്നീ ഡിവിഷനുകളിലാണ് ഡ്രോണ്‍ സര്‍വെയ്ക്ക് അനുയോജ്യമായ പ്രദേശമായി തെരഞ്ഞെടുത്തിട്ടുള്ളത്. വില്ലേജിലെ ബാക്കി പ്രദേശങ്ങള്‍ കോര്‍സ് - ആര്‍ ടി.കെ. ഇ.ടി.എസ് മുതലായ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പൂര്‍ത്തീകരിക്കും. ചിയ്യാരം ക്രൈസ് ബിസ്‌ക്കറ്റ് കമ്പനി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍മാര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാലി പി കെ, അസി ഡയറക്ടര്‍ സര്‍വ്വേ (റേഞ്ച്) ഷാജി പി എ, തൃശൂര്‍ ഭൂരേഖ തഹസില്‍ദാര്‍ നീലകണ്ഠന്‍, ചിയ്യാരം വില്ലേജ് ഓഫീസര്‍ ഗില്‍ട്ടന്‍, റീസര്‍വ്വേ സൂപ്രണ്ട്മാര്‍, സര്‍വ്വേ ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Posts