കൊച്ചി എയർപോർട്ട് ബിസിനസ് ജെറ്റ് ടെര്‍മിനൽ ഉദ്ഘാടനം ഡിസംബർ 10ന്; മുഖ്യമന്ത്രി നിർവഹിക്കും
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ബിസിനസ് ജെറ്റ് ടെർമിനലിന്‍റെ ഉദ്ഘാടനം ഡിസംബർ 10ന്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണ് കൊച്ചിയിലേതെന്നാണ് സിയാൽ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ബിസിനസ് ജെറ്റ് ടെർമിനലിന് 40,000 ചതുരശ്രയടി വിസ്തീർണമുണ്ട്. അഞ്ച് ആഡംബര ലോഞ്ചുകൾ, വിശാലമായ ബിസിനസ് സെന്‍റർ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിൻ എക്സ്ചേഞ്ച് കൗണ്ടർ, അത്യാധുനിക വീഡിയോ കോൺഫറൻസിംഗ് റൂം, വിവിഐപികൾക്കായി സേഫ്‍ഹൗസ് സംവിധാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മണിക്കൂറിൽ 20 യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ടെര്‍മിനലിന്‍റെ നിര്‍മ്മാണം. കേരളത്തിലേക്ക് വരുന്ന ബിസിനസ്, സ്വകാര്യ ജെറ്റുകളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്നാണ് ചാർട്ടർ ഫ്ലൈറ്റ് മേഖലയിലേക്ക് പ്രവേശിക്കാൻ സിയാൽ തീരുമാനിച്ചത്. വെറും 10 മാസം കൊണ്ടാണ് 30 കോടി രൂപ ചെലവഴിച്ച് ടെർമിനൽ നിർമ്മിച്ചത്. ബിസിനസ് ജെറ്റ് ടെർമിനലിന് ആഭ്യന്തര, അന്തർദ്ദേശീയ സര്‍വീസുകള്‍ കൈകാര്യം ചെയ്യാൻ കഴിയും. നിലവിൽ കൊച്ചി വിമാനത്താവളത്തിൽ രണ്ട് ടെർമിനലുകളാണുള്ളത്. ടെർമിനൽ 1 ആഭ്യന്തര സർവീസുകളും ടെർമിനൽ 3 അന്താരാഷ്ട്ര സർവീസുകളും നടത്തുന്നു. നേരത്തെയുണ്ടയിരുന്ന ടെർമിനൽ 2 ആണ് ഇപ്പോൾ ബിസിനസ് ജെറ്റ് ടെർമിനലാക്കി മാറ്റിയത്. പുതിയ ടെർമിനലിന്‍റെ ഉദ്ഘാടനത്തോടെ സ്വന്തമായി സ്വകാര്യ ജെറ്റ് ടെർമിനലുള്ള രാജ്യത്തെ 4 വിമാനത്താവളങ്ങളിൽ ഒന്നായി സിയാൽ മാറും.