മുസിരിസ് പൈതൃക പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്
കയ്പമംഗലം നിയോജക മണ്ഡലത്തിലെ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് (ഞായര്‍) രാത്രി 7.30 ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പി.എ. സെയ്ത് മുഹമ്മദ് ലൈബ്രറി ആന്റ് സ്റ്റുഡന്‍സ് റിസര്‍ച്ച് സെന്റര്‍, മതിലകം ബാഗ്ലാകടവ്, മുനക്കല്‍ ബോട്ട് ജെട്ടി, നവീകരിച്ച പതിനെട്ടരയാളം കോവിലകം എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നത്.
ശാന്തിപുരത്തെ പി.എ. സെയ്ത് മുഹമ്മദ് ലൈബ്രറി ആന്റ് സ്റ്റുഡന്‍സ് റിസര്‍ച്ച് സെന്റര്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ അധ്യക്ഷനാകും. ബെന്നി ബെഹനാന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു പദ്ധതി വിശദീകരിക്കും. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍
പി.എ. സെയ്ത് മുഹമ്മദ് ലൈബ്രറി ആന്റ് സ്റ്റുഡന്‍സ് റിസര്‍ച്ച് സെന്റര്‍
ചരിത്രത്തെ ജനങ്ങളിലേക്കെത്തിച്ച പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന പി.എ സെയ്ത് മുഹമ്മദിന്റെ നാമധേയത്തില്‍ നിര്‍മ്മിച്ച സ്മാരകത്തില്‍ അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ്, കമ്മ്യൂണിറ്റി സെന്റര്‍, കള്‍ച്ചറല്‍ ഗ്യാലറി, ഓപ്പണ്‍ ലൈബ്രറി എന്നിവ 4.96 കോടി രൂപ ചിലവിലാണ് ഒരുക്കിയിരിക്കുന്നത്. പി.എ സെയ്ത് മുഹമ്മദ് സ്മാരക ലൈബ്രറിയായും വിദ്യാര്‍ഥികള്‍ക്കായുള്ള ഹിസ്റ്ററി, ജിയോഗ്രഫി, മാത്‌സ് ആക്റ്റിവിറ്റി ആന്റ് റിസേര്‍ച്ച് സെന്റര്‍ ഉള്‍പ്പെടുന്ന കേന്ദ്രമായും ഭാവിയില്‍ മാറ്റുകയാണ് ലക്ഷ്യം.
മതിലകം ബംഗ്ലാകടവ് ബോട്ട്‌ജെട്ടി
മുസിരിസ് പൈതൃകപദ്ധതിക്ക് കീഴില്‍ വാട്ടര്‍ ടൂറിസം പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി മതിലകത്തെ ഡച്ച് നിര്‍മ്മിതമായ കെട്ടിടത്തില്‍ ആരംഭിക്കുന്ന ബ്രിട്ടീഷ് കമ്പനിയുമായി ബന്ധപ്പെട്ട മ്യൂസിയം, ജൈനകേന്ദ്രമായ തൃക്കണ്ണാ മതിലകം, സയ്യിദ് മുഹമ്മദ് സ്മാരകം തുടങ്ങിയ സ്ഥാപനങ്ങള്‍ ജലമാര്‍ഗ്ഗം ചരിത്ര വിദ്യാര്‍ഥികള്‍ക്കും മറ്റും സന്ദര്‍ശിക്കുന്നതിന് ബോട്ട് ജെട്ടിയുടെയും നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.
മുസിരിസ് മുനക്കല്‍ ഡോള്‍ഫിന്‍ ബീച്ച് ബോട്ട് ജെട്ടി
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളത്തിലെ വലിയ ബീച്ചുകളിലൊന്നായ മുനക്കല്‍ ഡോള്‍ഫിന്‍ ബീച്ച് സന്ദര്‍ശിക്കുന്നതിനായും മുസിരീസ് പദ്ധതി പ്രദേശത്തെ മറ്റു പൈതൃക സ്ഥാനങ്ങളില്‍നിന്ന് ജലമാര്‍ഗ്ഗം എത്താനും ലക്ഷ്യമിട്ട് നിര്‍മ്മിച്ചിരിക്കുന്നു.
പതിനെട്ടരയാളം കോവിലകം (എടവിലങ്ങ് കോവിലകം)
കൊച്ചി രാജാവിന്റെ അവധിക്കാല വിശ്രമ കേന്ദ്രമായിരുന്നു ഇത്. കൊടുങ്ങല്ലൂര്‍ രാജവംശത്തിന്റെ അധീനതയില്‍ ആയിരുന്ന ഈ കെട്ടിടം ഇടക്കാലം റവന്യു വകുപ്പിന്റെ അധീനതയില്‍ എടവിലങ്ങ് വില്ലേജ് ഓഫീസായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് നാശോന്മുഖമായ അവസ്ഥയില്‍ ആയിരുന്ന ഈ കെട്ടിടത്തെ മുസിരിസ് പൈതൃകപദ്ധതി സംരക്ഷിച്ചുകൊണ്ട് ഒരു കമ്മ്യുണിറ്റി സെന്ററാക്കി മാറ്റിയിരിക്കുകയാണ്.