വൈദേകം റിസോര്‍ട്ടിന്റെ നികുതി കണക്കുകള്‍ തിങ്കളാഴ്ച ഹാജരാക്കണം: ആദായനികുതി വകുപ്പ്

കണ്ണൂര്‍: നികുതിയുമായി ബന്ധപ്പെട്ട കണക്കുകൾ തിങ്കളാഴ്ച സമർപ്പിക്കാൻ വൈദേകം റിസോർട്ട് അധികൃതർക്ക് നിർദ്ദേശം നൽകി ആദായനികുതി വകുപ്പിന്‍റെ ടിഡിഎസ് വിഭാഗം. ഇന്ന് ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ അസൗകര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, വൈദേകത്തെക്കുറിച്ച് ലഭിച്ച പരാതിയിൽ തുടരന്വേഷണം നടത്താൻ വിജിലൻസ് തീരുമാനിച്ചു. ഈ മാസം രണ്ടിന് കണ്ണൂർ മൊറാഴയിലെ വിവാദമായ വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിന്‍റെ ടിഡിഎസ് വിഭാഗം പരിശോധന നടത്തിയിരുന്നു. നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പരിശോധന. അന്ന് ഉദ്യോഗസ്ഥർ കൊണ്ടുപോയ രേഖകളുമായി ബന്ധപ്പെട്ട കണക്കുകൾ ഇന്ന് ഹാജരാക്കാനാണ് മാനേജർക്ക് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ഉദ്യോഗസ്ഥർക്ക് അസൗകര്യമുള്ളതിനാൽ തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ആദായനികുതി വകുപ്പ് റിസോർട്ട് അധികൃതർക്ക് നോട്ടീസ് നൽകുന്നത്. ഈ മാസം എട്ടിന് റിസോർട്ട് മാനേജർ ടിഡിഎസ് വകുപ്പിന് മുന്നിൽ ഹാജരായിരുന്നു. അതേസമയം യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ ജേക്കബിന്‍റെ പരാതിയിൽ കൂടുതൽ അന്വേഷണം വേണ്ടിവരുമെന്ന് വിജിലൻസ് അറിയിച്ചു. റിസോർട്ട് നിർമാണത്തിന് അനുമതി നൽകിയ ആന്തൂർ നഗരസഭയുടെ രേഖകളും വിജിലൻസ് പരിശോധിക്കേണ്ടതുണ്ട്. ഇന്നലെ വിജിലൻസ് സംഘം വൈദേകത്തിൽ രണ്ട് മണിക്കൂർ പരിശോധന നടത്തിയിരുന്നു.


Related Posts