ടിവിയിൽ ലോകകപ്പ് മത്സരങ്ങൾ കാണുന്നവരുടെ എണ്ണത്തിൽ വർധനവ്
ദോഹ: ആഗോളതലത്തിൽ, ടെലിവിഷൻ ചാനലുകളിൽ ലോകകപ്പ് മത്സരങ്ങൾ കാണുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ 27ന് ജപ്പാനും കോസ്റ്റാറിക്കയും തമ്മിലുള്ള ഗ്രൂപ്പ് മത്സരം ഏഷ്യയിൽ ടെലിവിഷനിൽ ശരാശരി 36.37 ദശലക്ഷം ആളുകൾ കണ്ടു. ജപ്പാൻ ജർമ്മനിയെ അട്ടിമറിച്ച മത്സരം കണ്ടവരേക്കാൾ 10 ദശലക്ഷത്തിലധികം കൂടുതൽ ആളുകൾ. റഷ്യയിൽ നടന്ന 2018 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ശരാശരി വ്യൂവർഷിപ്പിനേക്കാൾ 74 ശതമാനം വർദ്ധനവാണിത്. നവംബർ 24ന് കൊറിയയും ഉറുഗ്വേയും തമ്മിൽ നടന്ന ഗ്രൂപ്പ് മത്സരം 11.14 ദശലക്ഷം ആളുകളാണ് കണ്ടത്. ബ്രസീലിൽ നടന്ന 2014 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് റഷ്യൻ ലോകകപ്പിനേക്കാൾ 97 ശതമാനം കൂടുതലാണ്. യൂറോപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം റൗണ്ട് മത്സരങ്ങൾ കണ്ടവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സ്പെയിനിൽ 65 ശതമാനം പേരും നവംബർ 28ന് നടന്ന ജർമ്മനി-സ്പെയിൻ മത്സരം കണ്ടവരാണ്. ലാ 1, ഗോൾ മുണ്ടിയൽ എന്നിവയിലൂടെ 11.9 ദശലക്ഷം ആളുകളാണ് മത്സരം കണ്ടത്.