യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്
അബുദാബി: യുഎഇയിലെ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെന്ന് റിപ്പോർട്ട്. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 54.44 ലക്ഷം തൊഴിലാളികളാണ് നിലവിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വകാര്യ മേഖലയിൽ 5.67 ലക്ഷം തൊഴിലാളികളെ പുതുതായി ചേർത്തിട്ടുണ്ട്. കൊവിഡിന്‍റെ തീവ്രത കുറഞ്ഞതിനാൽ ഈ വർഷം നിർമ്മാണ മേഖലയിൽ പുതിയ കമ്പനികളുടെ വരവ് സ്വകാര്യ മേഖലയ്ക്കും നേട്ടമായി. രാജ്യത്തെ പുതിയ വിസ നയം, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന തൊഴിൽ നിയമ പരിഷ്കരണം, യുഎഇ സംരംഭകർക്ക് സുരക്ഷ നൽകൽ എന്നിവയുടെ സൂചനയായാണ് തൊഴിലാളികളുടെ വർദ്ധനവിനെ കണക്കാക്കുന്നത്. അതേസമയം, ഈ വർഷം അവസാനത്തോടെ യുഎഇയിൽ രണ്ട് ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഇത്തരം കമ്പനികൾക്ക് 2023 ജനുവരി മുതൽ പിഴ ചുമത്തും. 2026 ഓടെ സ്വദേശിവൽക്കരണം 10 ശതമാനമായി ഉയർത്താനും നിർദ്ദേശമുണ്ട്.