കൂട്ടിയ പ്രീ പെയ്ഡ് നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ
രാജ്യത്ത് മൊബൈൽ ഉപയോഗത്തിന് ചെലവേറും. എയർടെൽ, വി ഐ (വോഡഫോൺ ഐഡിയ) എന്നീ ടെലികോം സേവന ദാതാക്കൾ പ്രീ പെയ്ഡ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചതാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയായിരിക്കുന്നത്. ഇരുപതു മുതല്‍ 25 ശതമാനം വരെയാണ് എയർടെല്ലും വി ഐയും നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. ഇന്ന് അർധരാത്രി മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. വോയ്‌സ് പ്ലാനുകള്‍, അണ്‍ലിമിറ്റഡ് വോയ്‌സ് പ്ലാനുകള്‍, ഡേറ്റാ പ്ലാനുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാകും. പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്ക് തൽകാലം വർധനയില്ല.
ടെലികോം വ്യവസായത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കില്‍ മാറ്റം വരുത്തുന്നതെന്നാണ് കമ്പനികളുടെ വാദം.
എയർടെല്ലാണ് ആദ്യം നിരക്ക് വർധന പ്രഖ്യാപിച്ചത്. ആരംഭത്തിലെ വോയ്‌സ് പ്ലാനുകള്‍ക്ക് 25 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. അണ്‍ലിമിറ്റഡ് പ്ലാനുകള്‍ക്ക് 20 ശതമാനം വര്‍ധന ഉണ്ടായേക്കും. നിരക്ക് വര്‍ധന നടപ്പാകുന്നതോടെ, 79 രൂപയുടെ വോയ്‌സ് പ്ലാനിന് 99 രൂപ നല്‍കേണ്ടി വരും. എന്നാല്‍ 50 ശതമാനം അധിക ടോക്ക് ടൈമും 200 എംബി ഡേറ്റയും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 149 രൂപയുടെ പ്ലാന്‍ 179 രൂപയാക്കി വര്‍ധിപ്പിച്ചു. 48 രൂപയുടെ ഡേറ്റ ടോപ് അപ്പ് 58 രൂപയാക്കി കൂട്ടി. ഇപ്രകാരം എല്ലാ പ്ലാനുകളുടെയും നിരക്ക് കൂട്ടിയിട്ടുണ്ട്. 5ജി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് എയര്‍ടെല്‍. സ്‌പെക്ട്രം, നെറ്റ് വര്‍ക്ക് എന്നിവയ്ക്കായി വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ എയര്‍ടെല്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് പിന്നാലെ വൊഡാഫോൻ ഐഡിയയും നിരക്ക് വർധന പ്രഖ്യാപിച്ചു. വോഡാഫോൻ ഐഡിയ തങ്ങളുടെ ഡേറ്റാ ടോപ്പ്-അപ്പ് പ്ലാനുകൾക്ക് 67 രൂപ വരെ കൂട്ടിയിട്ടുണ്ട്. 48 രൂപയുടെ പ്ലാനിന് 58 രൂപ നല്‍കേണ്ടി വരുമ്പോൾ 351 രൂപ പ്ലാനിന് വ്യാഴാഴ്ച മുതൽ 418 രൂപ നൽകണം. ഒരു വർഷം കാലാവധിയുള്ള 2,399 രൂപയുടെ പ്ലാനിന് ഇനി മുതൽ 2,899 രൂപ നൽകണം.