അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി.

ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യദിനത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടിയുടെ ‘ഗതിശക്തി’ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയുടെ ലക്ഷ്യം ആധുനിക അടിസ്ഥാന സൗകര്യ വികസനമെന്ന് പ്രധാനമന്ത്രി.

ഗ്രാമങ്ങളിലേക്ക് കൂടുതൽ വികസന പദ്ധതികൾ എത്തിക്കുമെന്നും സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വഴിയോര കച്ചവടക്കാർ ഉൾപ്പടെയുള്ളവർക്ക് ബാങ്കിംഗ് സൗകര്യം ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.

വരും വർഷങ്ങളിൽ രാജ്യത്തെ ചെറുകിട കർഷകരുടെ കൂട്ടായ ശക്തി വർധിപ്പിക്കേണ്ടതുണ്ട്. നമ്മൾ അവർക്ക് പുതിയ സൗകര്യങ്ങൾ നൽകണം. അവർ രാജ്യത്തിന്റെ അഭിമാനമായി മാറണം. 'ഛോട്ട കിസാൻ ബനേ ദേശ് കി ഷാൻ' (ചെറുകിട കർഷകർ രാജ്യത്തിന്റെ അഭിമാനമായി മാറട്ടെ) എന്നതാണ് നമ്മുടെ മന്ത്രം. ഇത് നമ്മുടെ സ്വപ്നമാണ്. രാജ്യത്തെ 70ൽ അധികം റൂട്ടുകളിൽ 'കിസാൻ റെയിൽ' ഓടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരിലേക്കും ഒരുപോലെ എത്തുന്ന വികസനമാണ് ലക്ഷ്യം. കഠിനാധ്വാനത്തിലൂടെ മാത്രമേ ലക്ഷ്യം കൈവരിക്കാനാകു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts