ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം
ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകും. പേളിലെ ബോളണ്ട് പാർക്കിലാണ് ആദ്യ മത്സരം. പുതിയ ക്യാപ്റ്റൻ കെ എൽ രാഹുലിന് കീഴിൽ ടീം ഇന്ത്യ ഇറങ്ങുന്ന ആദ്യ പരമ്പര കൂടിയാണിത്.
ഏകദിന പരമ്പരയിൽ ടെംപ ബാവുമയാണ് ആതിഥേയ ടീമിന്റെ നായകൻ. ടെസ്റ്റ് പരമ്പരയിലെ ആധിപത്യം ഏകദിന പരമ്പരയിലും ആവർത്തിക്കാൻ ഉറച്ചാണ് ബാവുമയുടെ ടീമിന്റെ ഒരുക്കം. ബൌളിംഗ് സെൻസേഷൻ ജാൻസൻ ഏകദിന ടീമിൽ അരങ്ങേറും.
ടെസ്റ്റിൽ നിന്ന് വിരമിച്ച ക്വിൻറൺ ഡിക്കോക്കും വെറ്ററൻ താരം വെയ്ൻ പാർണലും, വെടിക്കെട്ട് ബാറ്റർ ഡേവിഡ് മില്ലറും ദക്ഷിണാഫ്രിക്കൻ ടീമിൽ ഉണ്ട്. കേശവ് മഹാരാജാണ് ഉപനായകൻ. മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങൾ പേളിലെ ബോളണ്ട് പാർക്കിൽ നടക്കും. അവസാന ഏകദിനം കേപ്പ് ടൌണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്.
ഹാർദ്ദിക് പാണ്ഡ്യയുടെ അഭാവത്തിൽ വെങ്കിടേഷ് അയ്യരുടെ അരങ്ങേറ്റത്തിനും പരമ്പര വേദിയാകും. ജസ്പ്രീത് ബൂമ്രയാണ് ടീമിന്റെ ഉപനായകൻ.2018 – 19 ലെ ദക്ഷിണാഫിക്കൻ പര്യടനത്തിൽ വിരാട് കോഹ്ലിക്ക് കീഴിൽ 5 -1 ന് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. സമാനമായൊരു പ്രകടനമാണ് ഇന്ത്യ ഇത്തവണയും ലക്ഷ്യമിടുന്നത്.
ഇരുടീമുകളും 86 തവണ മുഖാമുഖം വന്നതിൽ 46 വിജയം ദക്ഷിണാഫ്രിക്ക നേടിയപ്പോൾ 35 എണ്ണത്തിലാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. ഏകദിനപരമ്പര നേട്ടം ആവർത്തിക്കാനുറച്ച് ഇന്ത്യയും തുടർപരമ്പര നേട്ടം ലക്ഷ്യമിട്ട് ആതിഥേയരും കൊമ്പുകോർക്കുമ്പോൾ ത്രില്ലർ പരമ്പരയ്ക്കാകും ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്കൻ മണ്ണ് സാക്ഷ്യം വഹിക്കുക.