അമേരിക്കയിൽനിന്ന് പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് ഇന്ത്യ

അമേരിക്കയിൽനിന്ന് പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനുള്ള പദ്ധതിയിൽനിന്ന് ഇന്ത്യ പിൻവാങ്ങി. മൂന്ന് ബില്യൺ ഡോളർ ചെലവിൽ 30 സായുധ പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനാണ് നേരത്തേ പദ്ധതിയിട്ടിരുന്നത്. തദ്ദേശീയമായ വികസനത്തിലും ഉത്പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പുതിയ തീരുമാനം. അമിതമായ ചെലവ് കണക്കിലെടുത്താണ് പിൻമാറ്റമെന്നും റിപ്പോർട്ടുകളുണ്ട്. പദ്ധതിയിൽനിന്ന് പിൻവാങ്ങുന്ന വിവരം പെന്റഗണിനെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 9-ന് നരേന്ദ്ര മോദി സർക്കാർ ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ചെങ്കിലും പ്രതിരോധ, സുരക്ഷാ ആവശ്യങ്ങൾക്കായി കേന്ദ്ര സർക്കാർ ഡ്രോൺ വാങ്ങുന്നതിനെ അതിൽനിന്ന് ഒഴിവാക്കിയിരുന്നു. പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനുള്ള പദ്ധതി വേണ്ടെന്ന് വെച്ചതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉന്നത സൗത്ത് ബ്ലോക്ക് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യൻ നാവികസേനയാണ് പദ്ധതി മുന്നോട്ടുവെച്ചിരുന്നത്. യു എസ് ആസ്ഥാനമായ ജനറൽ അറ്റോമിക്സിൽ നിന്ന് മൂന്ന് സേനാ വിഭാഗങ്ങൾക്കുമായി 30 സായുധ പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനായിരുന്നു പദ്ധതി. നാവികസേനയ്ക്കും വ്യോമസേനയ്ക്കും കരസേനയ്ക്കുമായി 10 വീതം ഡ്രോണുകളാണ് നിശ്ചയിച്ചത്. ജനറൽ അറ്റോമിക്സിൽനിന്ന് നാവികസേന നേരത്തേ തന്നെ രണ്ട് നിരീക്ഷണ ഡ്രോണുകൾ പാട്ടത്തിന് എടുത്തിട്ടുണ്ട്. ചൈന, പാകിസ്താൻ അതിർത്തികളിൽ നിരീക്ഷണം നടത്താനാണ് അവ ഉപയോഗിക്കുന്നത്.

Related Posts