ഉക്രയ്നിലെ റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന യു എൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു

ഉക്രയ്നെതിരെ റഷ്യ നടത്തുന്ന പ്രകോപനരഹിതമായ ആക്രമണത്തെ അപലപിക്കുന്ന യു എൻ പ്രമേയത്തിൻ്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. മോസ്‌കോയ്ക്കും കീവിനുമിടയിൽ വർധിച്ചുവരുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള യു എൻ പ്രമേയങ്ങളിൽ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാം തവണയാണ് ഇന്ത്യ വിട്ടുനിൽക്കുന്നത്.

ഉക്രയ്ന്റെ പരമാധികാരം, സ്വാതന്ത്ര്യം, ഐക്യം, അഖണ്ഡത എന്നിവയോടുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ച് ഉറപ്പിക്കുകയും റഷ്യൻ ആക്രമണത്തെ അതിശക്തമായി അപലപിക്കുകയും ചെയ്തുകൊണ്ടുള്ള പ്രമേയമാണ് 193 അംഗ പൊതുസഭയിൽ അവതരിപ്പിച്ചത്.

141 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. അഞ്ച് രാജ്യങ്ങൾ എതിർത്ത് വോട്ടു ചെയ്തു. 35 രാജ്യങ്ങൾ വിട്ടുനിന്നു. കരഘോഷത്തോടെയാണ് പൊതുസഭ പ്രമേയം പാസാക്കിയത്. ഉക്രയ്‌നെതിരായ ബലപ്രയോഗം റഷ്യ ഉടൻ അവസാനിപ്പിക്കണമെന്നും യു എൻ അംഗരാജ്യങ്ങൾക്ക് എതിരെയുള്ള നിയമവിരുദ്ധമായ അക്രമവും ബലപ്രയോഗവും ഒഴിവാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

Related Posts