അഫ്ഗാന്‍ പൗരന്മാര്‍ക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് ഇന്ത്യ.

മതത്തിന്റെ പരിഗണനകളൊന്നുമില്ലാതെ എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇ-വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം.

ന്യൂഡൽഹി: നിലവിലെ രാഷ്ട്രീയ സ്ഥിതിയിൽ അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.

എല്ലാ അഫ്ഗാൻ പൗരന്മാർക്കും അവരുടെ മതം പരിഗണിക്കാതെ വിസയ്ക്ക് അപേക്ഷിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിസ വ്യവസ്ഥകൾ അവലോകനം ചെയ്തു വരികയാണ്. ന്യൂഡൽഹിയിലായിരിക്കും വിസാ നടപടികൾ പൂർത്തിയാക്കുക. ആറുമാസത്തേക്കായിരിക്കും വിസാ കാലാവധി.

ഇ-എമർജൻസി എക്സ്-മിസ്ക് വിസ എന്നാണ് പുതിയ വിഭാഗത്തിൽപ്പെട്ട ഇലക്ട്രോണിക് വിസ അറിയപ്പെടുക എന്ന് വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു.

അഫ്ഗാനിലെ ഇന്ത്യയുടെ ദൗത്യം പൂർത്തിയായി കഴിഞ്ഞ് ഇ-വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. അഫ്ഗാൻ പൗരന്മാരുടെ വിസാ അപേക്ഷകളിന്മേൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോഴും വിസ അനുവദിക്കുമ്പോഴും സുരക്ഷാ പ്രശ്നങ്ങൾ പരിശോധിക്കും.

Related Posts