ഇന്ത്യ-സൗദി വിദേശകാര്യമന്ത്രിമാര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു
വിവിധ മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഒപ്പുവെച്ചു. സാമൂഹിക, രാഷ്ട്രീയ, സുരക്ഷ, സാംസ്കാരിക രംഗങ്ങളിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം വിശകലനം ചെയ്ത ഇന്ത്യന്‍-സൗദി പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ മന്ത്രിതല യോഗത്തിന് ശേഷമാണ് ധാരണാപത്രം ഒപ്പുവച്ചത്. ജി 20 രാജ്യങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും വിഷയത്തിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള കരാറാണ് ഇന്ത്യ-സൗദി പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ മുന്നോട്ടുവച്ചത്. പ്രിന്‍സ് സൗദ് അല്‍ഫൈസല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ളോമാറ്റിക് സ്റ്റഡീസില്‍ സന്ദര്‍ശനം നടത്തിയ എസ് ജയശങ്കർ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. വിദ്യാർത്ഥികൾ ഉന്നയിച്ച പല ചോദ്യങ്ങൾക്കും മന്ത്രി വ്യക്തമായ മറുപടി നൽകി. കൂടാതെ, സംഭാഷണത്തിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നൂറ്റാണ്ടുകളുടെ നല്ല ബന്ധം അദ്ദേഹം അനുസ്മരിച്ചു. ഇനിയും തന്ത്രപ്രധാനമായ ബന്ധം നിലനിർത്തേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.