ദിർഹവും രൂപയും ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ഇന്ത്യയും യുഎഇയും
ദുബൈ: സമഗ്ര സാമ്പത്തിക കരാർ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ, ദിർഹവും രൂപയും ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ഉറച്ച് ഇന്ത്യയും യുഎഇയും. മുംബൈയിൽ അവസാനിച്ച നിക്ഷേപം സംബന്ധിച്ച ഇന്ത്യ-യു.എ.ഇ ഉന്നതതല ടാസ്ക്ഫോഴ്സ് യോഗത്തിലാണ് ധാരണയായത്. ഡോളറിന് പകരം ഇരുരാജ്യങ്ങളുടെയും കറൻസികൾ സജീവമാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇരു രാജ്യങ്ങളിലെയും ബാങ്കുകൾ തമ്മിൽ പുരോഗമിക്കുകയാണ്. സമഗ്ര സാമ്പത്തിക കരാർ പ്രാബല്യത്തിൽ വന്നതോടെ കയറ്റുമതിയിലും ഇറക്കുമതിയിലും ഇരു രാജ്യങ്ങളും വലിയ മുന്നേറ്റമാണ് നടത്തുന്നത്. നടപ്പുവർഷം തന്നെ ലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷ ഇരു രാജ്യങ്ങളും പ്രകടിപ്പിച്ചു. അതത് രാജ്യങ്ങളുടെ കറൻസികളിലൂടെ ഉഭയകക്ഷി വ്യാപാരം എന്ന ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നത് ഇത് സുഗമമാക്കും ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യു.എ.ഇ സെൻട്രൽ ബാങ്കും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഇന്ത്യയിൽ യുഎഇ കമ്പനികൾ നേരിടുന്ന ഏത് പ്രശ്നവും സമയബന്ധിതമായി പരിഹരിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കും. സമാന രീതിയിൽ ഇന്ത്യൻ കമ്പനികൾക്കായി യു.എ.ഇയിലും സംവിധാനം ഉണ്ടാകും. കയറ്റുമതിയിലും ഇറക്കുമതിയിലും ഉണ്ടായ പുതിയ ഉണർവ് ഹൃദ്യമാണെന്ന് ഇരുപക്ഷവും വിലയിരുത്തി. സർക്കാർ നിക്ഷേപങ്ങൾക്ക് ഇന്ത്യയിൽ നികുതി ഇളവ് നൽകണമെന്ന് യുഎഇ സർക്കാർ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടെയും നിയമങ്ങൾക്കും നയങ്ങൾക്കും അനുസൃതമായി ഇത്തരം വിഷയങ്ങളിൽ ചർച്ച തുടരാൻ ധാരണയായി. പ്രത്യേക നികുതി ഇളവ് നിർദേശവും ചർച്ച ചെയ്തു. ഭക്ഷ്യസുരക്ഷ, നിർമാണം, അടിസ്ഥാന സൗകര്യം, ഊർജം, സാങ്കേതികം എന്നീ മേഖലകളിൽ കൂടുതൽ നിക്ഷേപം ഉറപ്പാക്കാനാണ് ഇന്ത്യയും യുഎഇയും ശ്രമിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സിയൂദി, ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അഹ്മദ് അൽ ബന്ന, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ തുടങ്ങിയവർ പങ്കെടുത്തു.