അതിർത്തിയിലെ സാഹചര്യം സങ്കീർണമെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ
ഉക്രയ്നിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇന്ത്യ. അതിർത്തി പ്രദേശങ്ങളിലെ സാഹചര്യം സങ്കീർണമാണെന്നും അത് രക്ഷാദൗത്യത്തെ തടസ്സപ്പെടുത്തുന്നുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. കീവിനെതിരായ പ്രകോപന രഹിതമായ റഷ്യൻ ആക്രമണത്തെ അപലപിക്കാൻ ചേർന്ന ഐക്യരാഷ്ട്രസഭയുടെ അപൂർവ അടിയന്തര സമ്മേളനത്തിലാണ് യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തി ഇക്കാര്യം പറഞ്ഞത്.
അതിർത്തി പ്രദേശങ്ങളിലെ സങ്കീർണമായ സാഹചര്യം രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ഉടനടി പരിഹരിക്കപ്പെടണം. ഇന്ത്യൻ പൗരന്മാർക്കായി അതിർത്തികൾ തുറന്ന് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുന്ന ഉക്രയ്നിൻ്റെ എല്ലാ അയൽരാജ്യങ്ങളോടും നന്ദി പറയുന്നതായി പൊതുസഭയിൽ ടി എസ് തിരുമൂർത്തി പറഞ്ഞു.
ഉക്രയ്ൻ അതിർത്തിയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന്റെയും ഇന്ത്യൻ പൗരന്മാരോട് ഉക്രയ്ൻ സൈനികർ മോശമായി പെരുമാറുന്നതിൻ്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത് വലിയ തോതിൽ ആശങ്കകൾ ഉയർത്തിയിരുന്നു.