ബാങ്ക് പ്രതിസന്ധിയിലായാൽ നിക്ഷേപകർക്ക് 90 ദിവസത്തിനകം പണം ലഭിക്കും.

ഇൻഷുറൻസ് പ്രകാരം അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപമാണ് തിരികെ നൽകുക.

ബാങ്ക് പ്രതിസന്ധിയിലായാൽ 90 ദിവസത്തിനകം നിക്ഷേപകർക്ക് ഇനി പണം ലഭിക്കും. ഇതുസംബന്ധിച്ച ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ് ഗ്യാരണ്ടി കോർപറേഷൻ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

ഒരു ബാങ്കിൽ ഒരാളുടെ പേരിൽ വ്യത്യസ്ത അക്കൗണ്ടുകളിൽ എത്ര നിക്ഷേപമുണ്ടെങ്കിലും ഇൻഷുറൻസ് പ്രകാരം അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപമാണ് തിരികെ നൽകുക.

ബാങ്കിന് മോറട്ടോറിയം ബാധകമായാലും നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നും ധനമന്ത്രി പറഞ്ഞു. മൊറട്ടോറിയം നടപ്പായാൽ 45 ദിവസത്തിനകം അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ശേഖരിച്ച് കോർപറേഷന് കൈമാറും. അപേക്ഷകൾ തത്സമയം പരിഗണിച്ച് 90 ദിവസത്തിനകം പണം തിരികെ നൽകും.

98.3 ശതമാനം അക്കൗണ്ടുകളും 50.9 ശതമാനം നിക്ഷേപമൂല്യവും ഇതോടെ പദ്ധതിയുടെ കീഴിൽവരുമെന്ന് ധനന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ആഗോളതലത്തിൽ ഇത് യഥാക്രമം 80ശതമാനവും 20-30 ശതമാനവുമാണ്.

ഒരു ലക്ഷം രൂപവരെയുളള നിക്ഷേപത്തിനായിരുന്നു നേരത്തെ പരിരക്ഷ ലഭിച്ചിരുന്നത്. 2020 ഫെബ്രുവരിയിലാണ് നിക്ഷേപ ഇൻഷുറൻസ് പരിധി അഞ്ചുലക്ഷമായി ഉയർത്തിയത്.

ഒരോ 100 രൂപയുടെ നിക്ഷേപത്തിനും 0.12 ശതമാനം തുകയാണ് പ്രീമിയമായി ഈടാക്കുന്നത്. 2019-20 സാമ്പത്തികവർഷത്തിൽ പ്രീമിയം ഇനത്തിൽ കോർപ്പറേഷന് ലഭിച്ചത് 13,234 കോടി രൂപയാണ്.

Related Posts