പോലീസിന്റെ താടി സംരക്ഷിക്കപ്പെടില്ലെന്ന് കോടതി.

ഒരു അച്ചടക്ക സേനയിലെ അംഗം താടി വയ്ക്കുന്നത് ആർട്ടിക്കിൾ 25 പ്രകാരം സംരക്ഷിക്കപ്പെടില്ലെന്ന് കോടതി.

ലക്നൗ: താടി വെച്ച് ജോലി ചെയ്യാൻ അനുവദിക്കണമെന്ന പൊലീസുകാരന്റെ ആവശ്യം തളളി കോടതി. ഒരു അച്ചടക്ക സേനയിലെ അംഗം താടി വയ്ക്കുന്നത് ഔദ്യോഗിക ഉത്തരവുകളുടെ ലംഘനമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം സംരക്ഷിക്കപ്പെടില്ലെന്നും കോടതി വ്യക്തമാക്കി.

പൊലീസുകാർ താടി വയ്ക്കുന്നത് വിലക്കിക്കൊണ്ട് 2020 ഒക്ടോബറിലാണ് ഡി ജി പി സർക്കുലർ പുറപ്പെടുവിച്ചത്. എന്നാൽ താടി വടിക്കാൻ പറഞ്ഞിട്ടും ചെയ്യാത്തതിന്റെ പേരിൽ സസ്പെൻഷനിലായ പൊലീസ് കോൺസ്റ്റബിൾ മൊഹ്ദ് ഫർമാൻ നൽകിയ റിട്ട് ​ഹർജിയിൽ ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്റെ ലക്നൗ ബെഞ്ചാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 25 ചൂണ്ടിക്കാട്ടി, താടി വയ്ക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺസ്റ്റബിൾ കോടതിയെ സമീപിക്കുകയായിരുന്നു.

ശരിയായ രീതിയില്‍ യൂണിഫോം ധരിക്കുന്നതിനും കാഴ്ചയില്‍ എങ്ങനെ വേണമെന്നും സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അധികാരമുണ്ട്. ഇതിൽ ഒരു ഇടപെടലും നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഉറപ്പുനൽകുന്ന അവകാശങ്ങൾക്ക് അന്തർനിർമ്മിതമായ നിയന്ത്രണങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരനെതിരായ വകുപ്പുതല അന്വേഷണം നിയമപ്രകാരം നടത്താനും അവസാനിപ്പിക്കാനും കോടതി നിർദേശം നൽകി.

Related Posts