രണ്ടാം ട്വന്റി-20യില്‍ ഓസീസിനെ തകർത്ത് ഇന്ത്യ
നാഗ്പുര്‍: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയാണ് ജയത്തോടെ പരമ്പരയിൽ ഇന്ത്യയെ ഒപ്പമെത്തിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 91 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി. ഞായറാഴ്ച ഹൈദരാബാദിലാണ് അവസാന മത്സരം. മഴ മൂലം നനഞ്ഞ ഔട്ട്ഫീൽഡ് കാരണം മത്സരം വൈകുകയും എട്ട് ഓവറാക്കി ചുരുക്കുകയുമായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ 20 പന്തിൽ നാല് സിക്സും നാല് ഫോറും സഹിതം 46 റൺസുമായി പുറത്താകാതെ നിന്നു.