അടിവസ്ത്രത്തിൽ ട്രെയ്ൻ യാത്ര നടത്തിയ ബിഹാർ എം എൽ എ വീണ്ടും വിവാദത്തിൽ, മദ്യപിച്ചിരുന്നെന്നും മാല പൊട്ടിച്ചെന്നും സഹയാത്രികൻ
അടിവസ്ത്രം മാത്രം ധരിച്ച് ട്രെയ്ൻ യാത്ര നടത്തിയതിൻ്റെ പേരിൽ ആരോപണ വിധേയനായ ബിഹാർ എം എൽ എ ഗോപാൽ മണ്ഡൽ വീണ്ടും വിവാദക്കുരുക്കിൽ. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു എം എൽ എ എന്നും ബഹളത്തിനിടെ അയാൾ തൻ്റെ സ്വർണമാല പൊട്ടിച്ചെടുത്തെന്നും ട്രെയ്നിലെ യാത്രക്കാരനായ പ്രഹ്ലാദ് പാസ്വാൻ ഡൽഹി റയിൽവേ പൊലീസിന് പരാതി നൽകി.
"വെളുത്ത നിറത്തിലുള്ള അണ്ടർ വെയറും ബനിയനും മാത്രം ധരിച്ച് ട്രെയ്നിനുള്ളിൽ അയാൾ ചുറ്റിക്കറങ്ങുകയായിരുന്നു. മോശമായ പെരുമാറ്റത്തിൻ്റെ പേരിൽ ചോദ്യം ചെയ്ത തന്നോട് എം എൽ എ അപമര്യാദയായി പെരുമാറി. ബഹളത്തിനിടയിൽ അയാൾ തൻ്റെ സ്വർണമാലയും മോതിരവും കൈക്കലാക്കി," പ്രഹ്ലാദ് പാസ്വാൻ റെയിൽവേ പൊലീസിന് കൊടുത്ത പരാതിയിൽ പറയുന്നു.
വ്യാഴാഴ്ച ഡൽഹി-പാറ്റ്ന തേജസ് രാജധാനി എക്സ്പ്രസിലാണ് വിവാദമായ സംഭവം അരങ്ങേറിയത്. അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ എ സി ഫസ്റ്റ് ക്ലാസിൽ ചുറ്റിത്തിരിഞ്ഞ ആളെ കണ്ടപ്പോൾ യാത്രക്കാർ ബഹളം വെയ്ക്കുകയായിരുന്നു. പിന്നീടാണ് ബിഹാറിൽ നിന്നുള്ള ജെ ഡി യു എം എൽ എ യാണ് ആളെന്ന് തിരിച്ചറിഞ്ഞത്. ക്ഷുഭിതരായ യാത്രക്കാർ എം എൽ എ യെ കൈയേറ്റം ചെയ്യുന്ന നില വന്നപ്പോൾ റെയിൽവേ പൊലീസ് ഫോഴ്സ് ഇടപെട്ടു. യാത്രക്കാരെ അസഭ്യം പറഞ്ഞ എം എൽ എ അവരെ വെടിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്.
ട്രെയ്നിൽ ഒരാൾ അടിവസ്ത്രം മാത്രം ധരിച്ച് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നതെന്ന് യാത്രക്കാർ പറയുന്നു. എന്നാൽ അത്യാവശ്യ കാര്യത്തിന് ഡൽഹിയിൽ പോകുന്നതിനിടെ വയറിന് അസുഖം ബാധിച്ചെന്നും ശൗചാലയത്തിൽ പോകാനാണ് അടിവസ്ത്രത്തിൽ ട്രെയ്നിൽ നടന്നതെന്നുമാണ് എം എൽ എ യുടെ വിശദീകരണം.
എന്തായാലും മദ്യപാനവും മാല പൊട്ടിക്കലും ഉൾപ്പെടെയുള്ള പുതിയ ആരോപണങ്ങൾ ജെ ഡി യു എം എൽ എ യെ കൂടുതൽ കുരുക്കിലാക്കിയിരിക്കുകയാണ്.