'ആണിച്ചിത്രം' മുതൽ പരമ്പരാഗത കോസ്മെറ്റിക്‌സ് വരെ; ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി മലയാളികൾ.

ആണികൾ കൊണ്ട് യു എ ഇ രാജാവിന്റെ ചിത്രം വരച്ച സയ്ദ് ഷാഫിയും പരമ്പരാഗത വിഭവങ്ങൾ കൊണ്ട് സൗന്ദര്യവർധക വസ്തുക്കൾ നിർമ്മിച്ച അൻസിയയുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന് അർഹരായത്.

തൃശ്ശൂർ: ആണികൾ കൊണ്ട് യു എ ഇ രാജാവിന്റെ ചിത്രം വരച്ച കയ്പമംഗലം സ്വദേശി സയ്ദ് ഷാഫിയെയും പരമ്പരാഗത വിഭവങ്ങൾ കൊണ്ട് സൗന്ദര്യവർധക ഉത്പന്നങ്ങൾ നിർമ്മിച്ച തൃപ്രയാർ സ്വദേശിനി അൻസിയയെയുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് തേടിയെത്തിയത്.

യു എ ഇയിലെ ഒരു സ്വകാര്യ കെട്ടിട നിർമാണ സാമഗ്രികളുടെ കമ്പനിയിലെ ജീവനക്കാരനായ സെയ്ദ് കമ്പനിയുടെ ആവശ്യപ്രകാരമാണ് ആണിച്ചിത്രം തയ്യാറാക്കിയത്. കയ്പമംഗലം കൂരിക്കുഴി കൊടുവിൽ അബ്ദുൾ ഖാദർ-ബീവിക്കുഞ്ഞി ദമ്പതികളുടെ മകനായ സയ്ദ് 115 മണിക്കൂർ കൊണ്ടാണ് ആണികൾ ഉപയോഗിച്ച് യു എ ഇ രാജാവിന്റെ ചിത്രം വരച്ചത്. 25,200 ആണികൾ ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചത്. 2020ലും സമാനമായി 17,000 ആണികൾ ഉപയോഗിച്ച് തീർത്ത യു എ ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ചിത്രത്തിന് യു ആർ എസ് ഏഷ്യൻ റെക്കോർഡ്സ് ലഭിച്ചിരുന്നു. സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന സയ്ദ് നാല് വർഷം മുമ്പാണ് വിദേശത്ത് പോയത്.

വീട്ടുമുറ്റത്ത് കൃഷി ചെയ്ത അസംസ്‌കൃത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച 38 സൗന്ദര്യവർധക വസ്തുക്കളുമായെത്തിയ 'ഉമ്മീസ് നാച്വറൽസി'ലൂടെയാണ് തൃപ്രയാർ രായംമരക്കാർ അബ്ദുൾ റഹ്മാൻ-താഹിറ ദമ്പതികളുടെ മകൾ അൻസിയയെ തേടി അംഗീകാരമെത്തുന്നത്. വിവാഹശേഷം ഏതൊരു വീട്ടമ്മയെയും പോലെ സ്വന്തമായൊരു വരുമാനമാർഗം എന്തെന്ന ആലോചനയുടെ 'ആഫ്റ്റർ എഫക്ടാ'ണ് 'ഉമ്മീസ് നാച്വറൽസ്. ഹെയർ ഓയിലിൽ നിന്നായിരുന്നു തുടക്കം. വീട്ടുമുറ്റത്ത് കൃഷി ചെയ്ത അസംസ്‌കൃത വസ്തുക്കളാണ് ശേഖരിക്കുന്നത്. എല്ലാ ജില്ലയിലും പത്തോ പതിനഞ്ചോ വീട്ടമ്മമാർ ചേർന്ന് നടത്തുന്ന കൃഷിയാണ് പ്രധാന മാർഗം. ഇപ്പോൾ സ്വന്തമായി മലപ്പുറത്ത് ഉമ്മീസ് ഫാക്ടറിയും ആരംഭിച്ചിട്ടുണ്ട്. പാലക്കാട് അപ്പത്തൻകാട്ടിൽ റഷീദിന്റെ ഭാര്യയാണ് അൻസിയ. നാല് വയസുകാരി ലൈബ മകളാണ്. കലക്ടറേറ്റിലെത്തിയ ഇരുവർക്കും കലക്ടർ ഔദ്യോഗികമായി റെക്കോർഡ് ബുക്ക് നൽകി.

Related Posts