ഇന്ത്യ-മധ്യേഷ്യ പ്രഥമ ഉച്ചകോടി ഇന്ന്; ആറ് രാജ്യങ്ങൾ പങ്കെടുക്കും

ഇന്ത്യയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ മധ്യേഷ്യൻ ഉച്ചകോടി ഇന്ന് നടക്കും. അയൽ രാജ്യങ്ങളുമായുള്ള ന്യൂഡൽഹിയുടെ വിപുലീകരിച്ച ഇടപഴകലിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കണക്റ്റിവിറ്റി, വ്യാപാരം, സഹകരണത്തിനുള്ള സ്ഥാപനവൽകൃത ചട്ടക്കൂട് രൂപപ്പെടുത്തൽ, അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യം എന്നിവയാണ് അജണ്ടയിലെ മുഖ്യ വിഷയങ്ങൾ.

കസാക്കിസ്താൻ, കിർഗിസ്താൻ, താജിക്കിസ്താൻ, തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വെർച്വൽ ആയാണ് യോഗം സംഘടിപ്പിക്കുന്നത്.

വ്യാപാരവും കച്ചവട ബന്ധങ്ങളും, വികസന പങ്കാളിത്തം, സംസ്‌കാരം, പ്രതിരോധം, സുരക്ഷ, ടൂറിസം തുടങ്ങി നിരവധി വിഷയങ്ങളിൽ ഊന്നിയുളള ചർച്ചകൾ ഉച്ചകോടിയിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഒരു സ്ഥിരം സംവിധാനമാക്കാനുള്ള നിർദേശവും സമ്മേളനം ചർച്ച ചെയ്യും.

നിലവിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആറു രാജ്യങ്ങൾക്കും ഇന്ത്യ-സെൻട്രൽ ഏഷ്യ ഡയലോഗ് എന്ന പേരിൽ വിദേശകാര്യ മന്ത്രി തലത്തിൽ ഒരു സംവിധാനമുണ്ട്. അതിന്റെ മൂന്നാമത്തെ യോഗത്തിന് ഡിസംബറിൽ ന്യൂഡൽഹി ആതിഥേയത്വം വഹിച്ചിരുന്നു. മേഖലയിൽ വർധിച്ചുവരുന്ന ചൈനീസ് അപ്രമാദിത്വവും അഫ്ഗാനിസ്താൻ ഭരണം താലിബാൻ പിടിച്ചടക്കിയതും മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നുണ്ട്.

Related Posts