കാനഡയിലെ ‘വിദ്വേഷ കുറ്റകൃത്യം’ അപലപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: കാനഡയിലെ ബ്രാംപ്റ്റണിലെ ശ്രീ ഭഗവത് ഗീത പാർക്കിലെ ബോർഡ് തകർത്ത സംഭവത്തെ ഇന്ത്യ അപലപിച്ചു. കുറ്റക്കാർക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചു. ഹിന്ദു സമൂഹത്തിന്‍റെ സംഭാവന കണക്കിലെടുത്ത് പാർക്കിന്‍റെ പേർ കഴിഞ്ഞയാഴ്ച ശ്രീ ഭഗവത്ഗീത പാർക്ക് എന്നാക്കി മാറ്റിയിരുന്നു. പാർക്കിന്‍റെ പേര് എഴുതിയ ബോർഡ് ആണ് നശിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ബ്രാംപ്റ്റൺ മേയർ പാട്രിക് ബ്രൗൺ പറഞ്ഞു. പീൽ പോലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ബ്രൗൺ ട്വീറ്റ് ചയ്തു. ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളുടെ തുടർച്ചയാണിതെന്ന് കാനഡയിൽ നിന്നുള്ള ഇന്ത്യൻ വംശജനായ എംപി ചന്ദ്ര ആര്യ പറഞ്ഞു. ബ്രാംപ്റ്റൺ ഈസ്റ്റിലെ എംപി മനീന്ദർ സിദ്ധുവും ‘ഹീനമായ നടപടി’യാണിതെന്നും ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്ക് ‘ഈ സമൂഹത്തിൽ സ്ഥാനമില്ലെന്നും’ പ്രതികരിച്ചു.