ആഭ്യന്തര യാത്രകള്‍ക്ക് ഇളവ്; വാക്‌സിനെടുത്തവര്‍ക്ക് ആർ ടി പി സി ആർ വേണ്ട.

രണ്ടുഡോസ് വാക്സിൻ സ്വീകരിച്ച് പതിനഞ്ചുദിവസം കഴിഞ്ഞ രോഗലക്ഷണങ്ങളില്ലാത്തവർക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആർ ടി പി സി ആർ, പി പി ഇ കിറ്റ് എന്നിവ നിര്‍ബന്ധമില്ല.

ന്യൂഡൽഹി: ആഭ്യന്തര യാത്രകൾക്കുളള കൊവിഡ് മാർഗനിർദേശങ്ങളിൽ അയവ് വരുത്തി കേന്ദ്ര സർക്കാർ. വിവിധ സംസ്ഥാനങ്ങൾ വിവിധ മാനദണ്ഡങ്ങളാണ് ആഭ്യന്തര യാത്രകൾക്ക് നിശ്ചയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാർഗ നിർദേശങ്ങൾ ഏകീകരിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

രണ്ടുഡോസ് വാക്സിൻ സ്വീകരിച്ച് പതിനഞ്ചുദിവസം കഴിഞ്ഞ രോഗലക്ഷണങ്ങളില്ലാത്തവർക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആർ ടി പി സി ആർ, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് എന്നിവ നിർബന്ധമാക്കരുതെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗ്ഗനിർദേശം. കൂടാതെ ആഭ്യന്തര വിമാനയാത്രികർക്ക് പി പി ഇ കിറ്റ് ധരിക്കേണ്ടതില്ല. മൂന്നുസീറ്റുകളുടെ നിരയിൽ നടുവിൽ ഇരിക്കുന്ന യാത്രക്കാരൻ പി പി ഇ കിറ്റ് ധരിക്കണമെന്ന നിർദേശം ഉണ്ടായിരുന്നു.

ആഭ്യന്തര യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തരുതെന്നും സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ ആർ ടി പി സി ആർ പരിശോധനാഫലം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരമൊരു നിബന്ധന സംസ്ഥാനങ്ങൾ മുന്നോട്ടുവെക്കരുത് എന്നാണ് സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. അതേസമയം ഇപ്രകാരം എത്തുന്ന യാത്രക്കാരുടെ ക്വാറന്റീൻ ഉൾപ്പടെയുളള കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും പുതുക്കിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

Related Posts