അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി.

ഉന്നതവിദ്യാഭ്യാസരംഗത്ത് എപ്പോൾ വേണമെങ്കിലും പഠനം നിർത്താനും വീണ്ടും തുടങ്ങാനും കഴിയും.

ന്യൂഡൽഹി: അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടയ്ക്കുവെച്ച് പഠനം നിർത്തിയാലും ക്രെഡിറ്റിന് അനുസരിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്നത് ഉൾപ്പടെ ഉന്നതവിദ്യാഭ്യാസരംഗത്ത് മാറ്റം വരുത്തുന്ന വിവിധ പദ്ധതികൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ദേശീയ വിദ്യാഭ്യാസനയത്തിലെ പ്രധാന നിർദേശങ്ങളിലൊന്നായിരുന്നു അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്. പുതിയ വിദ്യാഭ്യാസനയത്തിന്റെ ഒന്നാം വാർഷികദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇതുൾപ്പടെ വിദ്യാഭ്യാസരംഗത്ത് മാറ്റം വരുത്തുന്ന വിവിധപദ്ധതികൾ അദ്ദേഹം ഉദ്ഘാടനംചെയ്തു.

ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായുള്ള ആംഗ്യഭാഷ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന ‘നിഷ്ത’, നിർമിതബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഏതുപ്രായത്തിലുള്ളവർക്കും ഓൺലൈനിലൂടെ പരിശീലനം നൽകുന്ന വെബ്‌സൈറ്റ് തുടങ്ങിയവ ഇനി രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാവും. എട്ടുസംസ്ഥാനങ്ങളിലെ 14 എൻജിനിയറിങ് കോളേജുകളിൽ ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്ത, ബംഗ്ലാ എന്നീ പ്രാദേശികഭാഷകളിൽ പഠിപ്പിക്കാനും തീരുമാനമായി.

ഒന്നാംക്ലാസിലെ കുട്ടികൾക്ക് മൂന്നുമാസത്തെ വിനോദത്തിലൂന്നിയ പഠനമായ ‘വിദ്യ പ്രവേശ്’, അധ്യാപക പരിശീലനപരിപാടിയായ ‘സഫൽ’, സി ബി എസ് ഇ സ്കൂളുകളിലെ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകൾക്കുള്ള വിലയിരുത്തൽ രീതി തുടങ്ങിയവയ്ക്കും പ്രധാനമന്ത്രി തുടക്കംകുറിച്ചു.

വിദ്യാഭ്യാസനയം നടപ്പാക്കാൻ രാജ്യത്തെ അധ്യാപകരും നയനിർമാതാക്കളും ഒരുവർഷമായി കഠിനപരിശ്രമം നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യ നിർമാണമെന്ന മഹായജ്ഞത്തിലെ പ്രധാനഘടകമാണ് ദേശീയ വിദ്യാഭ്യാസ നയം. ഏതുതരത്തിലുള്ള വിദ്യാഭ്യാസം നാം ഇപ്പോൾ നൽകുന്നു എന്നതിന് അനുസരിച്ചിരിക്കും രാജ്യത്തിന്റെ ഭാവിയെന്ന് മോദി പറഞ്ഞു.


ഓൺലൈനിൽനടന്ന പരിപാടിയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ അടക്കമുള്ളവർ പങ്കെടുത്തു.

അക്കാദമിക് ക്രെഡിറ്റ് ബാങ്ക് പദ്ധതിയിലൂടെ ഉന്നതവിദ്യാഭ്യാസരംഗത്ത് എപ്പോൾ വേണമെങ്കിലും പഠനം നിർത്താനും വീണ്ടും തുടങ്ങാനും കഴിയും. പഠിക്കുമ്പോൾ വിദ്യാർഥി നേടിയ ക്രെഡിറ്റെല്ലാം ഡിജിറ്റലായി രേഖപ്പെടുത്തും. മൂന്നോ നാലോ വർഷമുള്ള അണ്ടർ ഗ്രാജ്വേറ്റ് ഡിഗ്രിയിൽ ഒരുവർഷം പൂർത്തിയായാൽ സർട്ടിഫിക്കറ്റ് കോഴ്‌സായി കണക്കാക്കും.

രണ്ടുവർഷത്തെ ക്രെഡിറ്റിൽ ഡിപ്ലോമയും മൂന്നുവർഷത്തേതിൽ ബിരുദവും നൽകും. നാലുവർഷത്തെ കോഴ്‌സ് ആണെങ്കിൽ നാലാംവർഷം പൂർണമായും ഗവേഷണമായിരിക്കും. ഈ കോഴ്‌സ് പാസായവർക്ക് നേരിട്ട് പി എച്ച് ഡിക്ക് ചേരാം. അല്ലാത്തവർ രണ്ടു വർഷത്തെ ബിരുദാനന്തരബിരുദം നേടണം. വിദ്യാർഥികളുടെ താത്‌പര്യങ്ങൾക്കനുസൃതമായി വിഷയം തിരഞ്ഞെടുക്കാനുള്ള സംവിധാനവും ഉണ്ടാവും.


Related Posts