ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് റദ്ദാക്കി.
മാഞ്ചെസ്റ്റർ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് റദ്ദാക്കി. മത്സരം റദ്ദാക്കിയ കാര്യം ഇ സി ബി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ബി സി സി ഐയും നടത്തിയ ചർച്ചയിലാണ് തീരുമാനം. ടോസിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് മത്സരം റദ്ദാക്കിയിരിക്കുന്നത്.
നേരത്തെ ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പർമാറിന് കൊവിഡ് സ്ഥിരീകരിച്ചതോടെ അഞ്ചാം ടെസ്റ്റിന്റെ കാര്യത്തിൽ അനിശ്ചിതത്വം ഉയർന്നിരുന്നു. എന്നാൽ മത്സരത്തിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയിൽ ഇന്ത്യൻ താരങ്ങളെല്ലാം നെഗറ്റീവായതോടെ മത്സരം നടക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ബി സി സി ഐയും അറിയിക്കുകയും ചെയ്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കളിക്കാൻ ആശങ്കയുണ്ടെന്ന് ഇന്ത്യൻ താരങ്ങൾ ബി സി സി ഐയെ അറിയിച്ചതോടെയാണ് പുതിയ തീരുമാനം.
നേരത്തെ ഓവലിൽ നടന്ന നാലാം ടെസ്റ്റിനിടെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ അദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ബൗളിങ് കോച്ച് ഭരത് അരുൺ, ഫീൽഡിങ് കോച്ച് ആർ ശ്രീധർ എന്നിവർക്കും പിന്നീട് രോഗം സ്ഥിരീകരിച്ചു.