"മുഖ്യമന്ത്രിയും 24 മന്ത്രിമാരും പുതിയവർ, ഗുജറാത്ത് സർക്കാരിൻ്റെ ട്രാക്ക് റെക്കോഡിനെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ?"- മാധ്യമ പ്രവർത്തകൻ്റെ ട്വീറ്റ്.

നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം പതിനാല് മാസം മാത്രം മുന്നിലുള്ളപ്പോൾ മുഖ്യമന്ത്രിയടക്കം 25 മന്ത്രിമാരെയും മാറ്റിയ ഗുജറാത്ത് സർക്കാരിൻ്റെ ട്രാക്ക് റെക്കോഡിനെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി.

മുഖ്യമന്ത്രിയായി പുതുമുഖത്തെ തിരഞ്ഞെടുത്തു. മന്ത്രിസഭയിലെ മുഴുവൻ പേരും പുതിയ മുഖങ്ങളാണ്. കഴിഞ്ഞ മന്ത്രിസഭയിലെ ഒരാളെപ്പോലും നില നിർത്തിയില്ല. 'നോ റിപ്പീറ്റ് ' ഫോർമുല നടപ്പിലാക്കിയപ്പോൾ 24 മന്ത്രിമാരും പുതിയവർ. തിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് ഒരു വർഷവും രണ്ട് മാസവും മാത്രം. കഴിഞ്ഞ സർക്കാരിൻ്റെ പ്രവർത്തനത്തെ കുറിച്ചും അതിൻ്റെ ട്രാക്ക് റെക്കോഡിനെ പറ്റിയും അടിമുടിയുള്ള ഈ അഴിച്ചുപണിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നാണ് മോദി സർക്കാരിൻ്റെ കടുത്ത വിമർശകൻ കൂടിയായ രാജ്ദീപ് സർദേശായി ട്വിറ്ററിൽ കുറിച്ചത്.

നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പൂർണമായും പരാജയപ്പെട്ടതിനാലാണ് മുഖ്യമന്ത്രിയെ മാറ്റിയതെന്നും കാബിനറ്റിൽ ആരെയും നിലനിർത്താതിരുന്നതെന്നും അടിമുടിയുള്ള മാറ്റം തിരിച്ചുവരവിനുള്ള അടവ് മാത്രമാണെന്നും ചിലർ പ്രതികരിക്കുന്നു. എന്നാൽ മാറ്റങ്ങളെ പോസിറ്റീവ് ആയി കാണണമെന്നും നെഗറ്റീവ് ആയി കാണുന്ന പ്രവണത നല്ലതല്ലെന്നും പ്രതികരണങ്ങളുണ്ട്. കേരളത്തിലെ സാഹചര്യവുമായി താരതമ്യപ്പെടുത്തിയും ചിലർ അഭിപ്രായം പറയുന്നുണ്ട്. കേരളത്തിൽ കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച ട്രാക്ക് റെക്കോഡ് ഉണ്ടായിരുന്ന പലർക്കും മത്സരിക്കാൻ സീറ്റ് പോലും ലഭിച്ചില്ല. അതും മാറ്റമായിരുന്നു.

Related Posts