അന്തർ സംസ്ഥാന സഹകരണസംഘങ്ങൾ, കേന്ദ്രഭരണ പ്രദേശത്തെ സഹകരണസംഘങ്ങൾ എന്നിവയിൽ മാത്രമേ കേന്ദ്രത്തിന് നിയമനിർമാണം നടത്താനാകൂവെന്നും മറ്റുള്ളവ സംസ്ഥാനവിഷയമാണെന്നും സുപ്രീംകോടതി.
സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട നിയമനിർമാണം നടത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി.
ന്യൂഡൽഹി: സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട നിയമനിർമാണം നടത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി. സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട് 2012-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭരണഘടനാഭേദഗതിയുടെ ഒരുഭാഗം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2013-ലെ ആ വിധിക്കെതിരേ കേന്ദ്രം നൽകിയ അപ്പീലാണ് സുപ്രീംകോടതി തീർപ്പാക്കിയത്. അന്തർ സംസ്ഥാന സഹകരണസംഘങ്ങൾ, കേന്ദ്രഭരണ പ്രദേശത്തെ സഹകരണസംഘങ്ങൾ എന്നിവയിൽ മാത്രമേ കേന്ദ്രത്തിന് നിയമനിർമാണം നടത്താനാകൂവെന്നും മറ്റുള്ളവ സംസ്ഥാനവിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സഹകരണ സംഘങ്ങൾ സംസ്ഥാന വിഷയമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന ‘പാർട്ട് 9 ബി’ പൂർണമായും റദ്ദാക്കിയിരുന്നു. ഭരണസമിതിയംഗങ്ങളുടെ എണ്ണം, അംഗങ്ങൾക്കെതിരായ ശിക്ഷാനടപടി, പിരിച്ചുവിടാനുള്ള വ്യവസ്ഥകൾ, ഓഡിറ്റിങ് തുടങ്ങിയ വിഷയങ്ങളാണ് റദ്ദാക്കപ്പെട്ട ‘പാർട്ട് 9 ബി’യിൽ വരുന്നത്. എന്നാൽ, ഇതിൽ അന്തർ സംസ്ഥാന (മൾട്ടി സ്റ്റേറ്റ്) സഹകരണസംഘങ്ങൾ, കേന്ദ്രഭരണ പ്രദേശത്ത് പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിലനിൽക്കുമെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. അതായത്, ഒരു സംസ്ഥാനത്തിനകത്ത് മാത്രം പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളുടെ കാര്യത്തിൽ കേന്ദ്രം ഇടപെടരുത്.
ജസ്റ്റിസ് ആർ എഫ് നരിമാൻ, ജസ്റ്റിസ് ബി ആർ ഗവായ് എന്നിവരാണ് ഭൂരിപക്ഷ വിധിയെഴുതിയത്. എന്നാൽ, 97-ാം ഭരണഘടനാ ഭേദഗതി പൂർണമായും റദ്ദാക്കണമെന്നും കേന്ദ്രത്തിന്റെ അപ്പീൽ തള്ളുന്നതായും ജസ്റ്റിസ് കെ എം ജോസഫിന്റെ ഭിന്നവിധിയിൽ വ്യക്തമാക്കി.