വോട്ടർപട്ടികയെ ആധാർ കാർഡുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കർ.
ന്യൂഡൽഹി: ഒരാൾ തന്നെ വ്യത്യസ്‌ത സ്ഥലങ്ങളിലെ വോട്ടർപട്ടികയിൽ ഇടംപിടിക്കുന്നത് പോലെയുള്ളവ പരിഹരിക്കാൻ വോട്ടർപട്ടികയെ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് കേന്ദ്രസർക്കാരിന്റെ സജീവപരിഗണനയിലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ പറഞ്ഞു. 2019 ആഗസ്‌തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പരിഷ്‌കരണ ശുപാർശ കൈമാറി. വോട്ടർപട്ടിക ആധാർ ഡാറ്റാബേസുമായി ബന്ധപ്പെടുത്തുന്നത് ഉൾപ്പെടെ പ്രധാന നിർദേശങ്ങളാണത്. ആധാർകാർഡിനെ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധിപ്പിക്കാൻ നടത്തിയ നീക്കം 2015 ആഗസ്‌തിൽ സുപ്രീംകോടതി തടഞ്ഞിരുന്നു. ആധാർ വിവരങ്ങൾ ശേഖരിക്കാൻ നിയമത്തിന്റെ അംഗീകാരം വേണമെന്നാണ് കോടതി നിലപാട്. നിലവിലുള്ള വോട്ടർമാരിൽ നിന്ന് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് ആധാർ വിവരങ്ങൾ തേടണമെങ്കിൽ നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും തൃണമൂൽ എം പി സജ്‌ദാ അഹമ്മദിനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.