സഹകരണ ബാങ്കുകളെ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിന്റെ ഭാഗമായി 'അപ്പെക്സ് ബോഡി' രൂപവത്കരിച്ചു.
തിരുവനന്തപുരം: സഹകരണ ബാങ്കുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ 'അപ്പെക്സ് ബോഡി' രൂപവത്കരിച്ചു. 'അപ്പെക്സ് കോ-ഓപ്പ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് ലിമിറ്റഡ്' എന്ന പേരിൽ കമ്പനിയായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഒരേസമയം, സഹകരണ ബാങ്കുകൾക്ക് സാമ്പത്തിക- സാമ്പത്തികേതര സഹായം നൽകുന്ന കേന്ദ്രസ്ഥാപനമായും റിസർവ് ബാങ്കിന്റെ അംഗീകൃത നിയന്ത്രണ ഏജൻസിയായും ഈ കമ്പനി പ്രവർത്തിക്കും. വാണിജ്യബാങ്കുകൾക്ക് ബാങ്കേഴ്സ് സമിതിയാണ് അംഗീകൃത നിയന്ത്രണ ഏജൻസി. സഹകരണ ബാങ്കുകൾക്കായി ഇനി ഈ കമ്പനിയായിരിക്കും നിയന്ത്രണ ഏജൻസി. 100 കോടിയുടെ പ്രവർത്തന മൂലധനമാണ് പുതിയ കമ്പനിക്കുള്ളത്. പത്തു രൂപ വിലയുള്ള പത്തുകോടി ഓഹരികളാണുള്ളത്. ഈ ഓഹരികളാണ് സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും നൽകുക.
സഹകരണ ബാങ്കുകൾക്ക് സാമ്പത്തിക സഹായവും സാമ്പത്തികേതര സൗകര്യവും ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്ന് അപ്പെക്സ് കോ-ഓപ്പ് ഫിനാൻസ് കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിൽ വ്യക്തമാക്കുന്നു. നബാർഡ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ സാമ്പത്തിക സഹായം ഇതുവഴിയാക്കാനാണ് ആലോചന. നിലവിൽ കേരളബാങ്ക് വഴി കാർഷിക വായ്പയ്ക്കായി ലഭിക്കുന്ന റീഫിനാൻസ് ഉൾപ്പെടെ ഇതിലേക്കു മാറും. ഫലത്തിൽ ഫിനാൻസ് കമ്പനി സഹകരണ ബാങ്കുകളുടെ 'കേന്ദ്രബാങ്ക്' ആയി മാറും.
അർബൻ ബാങ്കുകൾ, സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ, വായ്പാ സഹകരണ സംഘങ്ങൾ, കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾ എന്നിവയാണ് അപ്പെക്സ് കോ-ഓപ്പ് ഫിനാൻസ് കമ്പനിയുടെ ഭാഗമാകുന്നത്.