ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി പ്രധാനമന്ത്രി.

ധീര രക്തസാക്ഷികളെ സ്മരിച്ചും കൊവിഡ് ഭടന്മാർക്ക് ആദരം അർപ്പിച്ചും ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.

ന്യൂഡൽഹി: രാജ്യത്ത് 75-ാം സ്വാതന്ത്ര്യദിനഘോഷങ്ങളുടെ ഭഗമായി രാവിലെ ഏഴ് മണിയോടെ രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാർച്ച നടത്തി. 7.30ഓടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനത്ത് ആഘോഷങ്ങൾ നടക്കുന്നത്. സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിച്ചും കൊവിഡ് ഭടന്മാർക്ക് ആദരം അർപ്പിച്ചുമാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗം തുടങ്ങിയത്. വിഭജനത്തിൽ ജീവൻ വെടിഞ്ഞവരെ സ്മരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു. ഒളിമ്പിക്സ് വേദിയിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ കായിക താരങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു. ഒളിമ്പിക് മെഡൽ ജേതാക്കൾ പകർന്നത് ജനകോടികളുടെ ഹൃദയമാണ്. ഭാവി തലമുറയ്ക്ക് ഇത് പ്രചോദനമാണ്.

സ്വന്തമായി കൊവിഡ് വാക്സിൻ നിർമ്മിക്കാൻ കഴിഞ്ഞത് വൻ നേട്ടമായെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിഭജനകാലത്തേയും അതിനായി ജീവൻവെടിഞ്ഞവരേയും പ്രധാനമന്ത്രി അനുസ്മരിച്ചു. എല്ലാ വർഷവും ഓഗസ്റ്റ് 14 വിഭജനഭീതി ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന് പടനയിച്ച ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, വാക്സിൻ വികസിപ്പിക്കാൻ പ്രയത്നിച്ച ശാസ്ത്രജ്ഞർ എന്നിവരെ രാജ്യം ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Posts