തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പലുള്ള, രാജ്യങ്ങളുടെ സൈനികക്കരുത്തിലേക്ക് ഇന്ത്യയും.
'ഐ എൻ എസ് വിക്രാന്ത്' കടലിലിറങ്ങി.
കൊച്ചി: പന്ത്രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ 'ഐ എൻ എസ് വിക്രാന്ത്' കടലിലിറങ്ങി. വിമാനവാഹിനി കപ്പൽ സാഗരം തൊടുമ്പോൾ രാജ്യവും നാവികസേനയും ഒരുപോലെ അഭിമാനത്തിലാണ്. അമേരിക്കയും ബ്രിട്ടനും റഷ്യയും ചൈനയും അടക്കമുള്ള, തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പലുള്ള, രാജ്യങ്ങളുടെ സൈനികക്കരുത്തിലേക്കാണ് ഇന്ത്യയും വളരുന്നത്. വിമാനവാഹിനി കപ്പൽ സ്വന്തമാകുന്നതോടെ ഇന്ത്യക്ക് ലോകത്തെ വൻ നാവികശക്തികളോടു കിടപിടിക്കാനാകും. കപ്പൽ നാവികസേനയുടെ ഭാഗമാകുന്നതോടെ സമുദ്ര മേഖലയിൽ രാജ്യത്തിന്റെ താത്പര്യങ്ങൾ സുരക്ഷിതമാക്കാനാകും.
പരീക്ഷണം വിജയകരമായി പൂർത്തിയായ ശേഷമാകും യുദ്ധക്കപ്പലിലെ ഏറ്റവും നിർണായക ഘട്ടമായ ആയുധം ഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലേക്കു കടക്കുക. രാജ്യത്തെ പഴയ വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് വിക്രാന്തിന്റെ പേരുതന്നെയാണ് പുതിയ വിമാനവാഹിനിക്കപ്പലിനും. പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ 20 ഫൈറ്റർ ജെറ്റുകളും 10 ഹെലികോപ്റ്ററുകളും അടക്കം 30 എയർക്രാഫ്റ്റുകൾ വഹിക്കാനാകും.