പ്രവാസികൾക്ക് വേണ്ടിയുള്ള ഇടപെടലുകൾ; ടി എൻ പ്രതാപൻ എം പിക്ക് പി എ റഹ്‌മാൻ സ്മാരക പുരസ്കാരം.
തൃശ്ശൂർ: നിരവധി പ്രവാസി വിഷയങ്ങളിലെ ഇടപെടലുകൾ പരിഗണിച്ച് ടി എൻ പ്രതാപൻ എം പി ക്ക് പുരസ്ക്കാരം. യു എ ഇയിലെ പ്രമുഖ സാംസ്ക്കാരിക പ്രസ്ഥാനമായ ഗ്രീൻവോയ്‌സ് ആണ് പുരസ്ക്കാരത്തിനായി ടി എൻ പ്രതാപനെ തിരഞ്ഞെടുത്തത്. യു അബ്ദുള്ള ഫാറൂഖി, ജലീൽ പട്ടാമ്പി, റസാഖ് ഒരുമനയൂർ, കെ പി മുഹമ്മദ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
പ്രവാസി വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുകയും, നിരന്തരം പ്രവാസി വിഷയങ്ങളിലുള്ള ഇടപെടലുകളും കണക്കിലെടുത്താണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഗ്രീൻവോയ്‌സ് ചെയർമാൻ സി എച്ച് ജാഫർ തങ്ങൾ, ജനറൽ കൺവീനർ അഷറഫ് നജാത്ത്, ട്രഷറർ ഫസൽ കല്ലറ എന്നിവർ പറഞ്ഞു. 2021 നവംബറിൽ ദുബായിൽ വെച്ച് പുരസ്ക്കാരം സമർപ്പിക്കുമെന്ന് ഗ്രീൻവോയ്‌സ് ഭാരവാഹികൾ അറിയിച്ചു.
ചീഫ് പാട്രൺസ് വി നന്ദകുമാർ, കെ എം ഷാജി, അജിത്ത് ജോൺസൺ, സഫീർ അഹമ്മദ് എന്നിവരും പാട്രൺസ് ഡോ. അബൂബക്കർ കുട്ടിക്കോൽ, റഷീദ് ബാബു പുളിക്കൽ, ഹിജാസ് സീതി, കെ കെ മൊയ്‌ദീൻ കോയ എന്നിവരുമാണ് ഗ്രീൻവോയ്‌സ് യു എ ഇ ചാപ്റ്റർ ഭാരവാഹികൾ.
രണ്ടുലക്ഷത്തി ഇരുപതിരണ്ടായിരത്തി ഇരുന്നൂറ്റി ഇരുപത്തി രണ്ടു രൂപയും ശിലാ ഫലകവും, പ്രശസ്തി പത്രവും ആണ് പുരസ്ക്കാരം. നാട്ടികയിൽ നിന്നും രണ്ടു തവണയും, കൊടുങ്ങല്ലൂരിൽ നിന്നു ഒരു തവണയും കേരള നിയമ സഭയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.