കൊവിഡ് വാക്സിൻ സ്ലോട്ടുകൾ വാട്സാപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ.
ന്യൂഡൽഹി: പ്രായപൂർത്തിയായ എല്ലാവർക്കും ഈ വർഷം അവസാനത്തോടെ വാക്സിനേഷൻ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി വാക്‌സിനേഷൻ ബുക്കിങ് വേഗത്തിൽ ആക്കാൻ കൊവിഡ് വാക്സിൻ സ്ലോട്ടുകൾ വാട്സാപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയതായി ചൊവ്വാഴ്ചയാണ് സർക്കാർ വ്യക്തമാക്കിയത്. ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന മാധ്യമമെന്ന നിലയിലാണ് വാട്സാപ്പ് മുഖേനയും സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയത്. വാട്സാപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ കൂടുതൽ വേഗത്തിൽ സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ വാക്സിൻ സർട്ടിഫിക്കേറ്റ് വാട്സാപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.
വാട്സാപ്പ് സൗകര്യം ഏർപ്പെടുത്തിയ വിവരം ട്വിറ്ററിലൂടെയാണ് മന്ത്രി പുറത്തുവിട്ടത്. ഇനി മുതൽ മിനിട്ടുകൾക്കുള്ളിൽ വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാനാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.