'ആസാദി കാ അമൃത് മഹോത്സവി'ൽ ഒരേ സ്വരത്തിൽ 'ജനഗണമന' ആലപിച്ച് ഒന്നരക്കോടി ഇന്ത്യക്കാര്‍.
രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒന്നരക്കോടിയിലേറെ ഇന്ത്യക്കാരാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ദേശീയഗാനം ആലപിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ വീഡിയോ അപ് ലോഡ് ചെയ്തത്. ഓഗസ്റ്റ്-15 നോ അതിന് മുമ്പോ ദേശീയഗാനം ആലപിച്ച് അപ് ലോഡ് ചെയ്യുന്ന 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പരിപാടി സംസ്‍കാരിക മന്ത്രാലയമാണ് ആസൂത്രണം ചെയ്തത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ 'ജനഗണമന' ആലപിക്കുന്ന സാമൂഹിക മാധ്യമ വീഡിയോകൾ പുതിയ റെക്കോഡാണ് സൃഷ്ടിച്ചിരിക്കുന്നത്. 21 ദിവസത്തിനുള്ളിലാണ് ഒന്നരക്കോടി എൻട്രികളാണ് എത്തിയത്.
പ്രമുഖ കലാകാരൻമാർ, പണ്ഡിതൻമാർ, മുതിർന്ന നേതാക്കൾ, ഉദ്യോഗസ്ഥർ, സൈനികർ, പ്രശസ്ത കായികതാരങ്ങൾ, ഭിന്നശേഷിക്കാർ, സാധാരണക്കാർ തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ ഏകസ്വരത്തിൽ ദേശീയഗാനം ആലപിച്ചു. മൈലുകൾക്കകലെ വിവിധ കോണുകളിലിരുന്ന് നിരവധി പേർ ആലപിച്ച ദേശീയഗാനം 136 കോടി ഇന്ത്യൻ ജനതയുടെ ഐക്യത്തിന്റേയും അഖണ്ഡതയുടേയും കരുത്തിന്റേയും പ്രതിഫലനമാണ് ഇതെന്നും ഇന്ത്യാക്കാർ മനസ് അർപ്പിച്ചാൽ ഒരു ലക്ഷ്യവും അപ്രാപ്യമാവാതിരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
'നമ്മുടെ അഭിമാനത്തിന്റെ അടയാളമാണ് ദേശീയഗാനം. ദേശീയഗാനം ആലപിക്കാനുള്ള പരിപാടി നമ്മളിൽ ഉത്സാഹം നിറയ്കുക മാത്രമല്ല ഇന്ത്യക്കാരുടെ ഐക്യത്തെ കുറിച്ചുള്ള മഹത്തായ സന്ദേശം ലോകത്തിന് പകർന്നു നൽകിയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.