ഇന്ത്യയുടെ വൻ മതിൽ ശ്രീജേഷ് നായകനാകുമ്പോൾ.

41 വർഷങ്ങൾക്ക് ശേഷം ആദ്യ ഒളിമ്പിക് മെഡലിലേക്ക് നയിച്ച ഇന്ത്യയുടെ സൂപ്പർസ്റ്റാർ ഗോൾകീപ്പർ പി ആർ ശ്രീജേഷിനെ അഭിനന്ദിക്കാതെ ഈ വിജയം ആഘോഷിക്കാൻ ആകില്ല.

ഒരു പതിറ്റാണ്ടിലേറെയായി പിആർ ശ്രീജേഷ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾവല കാക്കുന്നു, ഒടുവിൽ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിൽ ഒരു ഒളിമ്പിക് മെഡൽ. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ജൈത്രയാത്രയിൽ ശ്രീജേഷ് നിർണായക പങ്ക് വഹിച്ചിരിക്കുന്നു. ഇന്ന് നടന്ന ജർമ്മനിക്കെതിരായ വെങ്കല മെഡൽ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഒരു കൂട്ടം സേവുകൾ. അതിനെ തുടർന്നുള്ള വിജയം. കണ്ണിൽ നിന്നും ഒരു തുള്ളി വീഴാതെ ആ സൂപ്പർ ക്ലൈമാക്സ് കണ്ടു തീർക്കാനാവില്ല. 2006 ലെ കൊളംബോയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ സീനിയർ അരങ്ങേറ്റം മുതൽ പി ആർ ശ്രീജേഷ് ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ഒരു അവിഭാജ്യഘടകമായി.

കേരളത്തിലെ എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമത്തിൽ ജനിച്ച ശ്രീജേഷ് ലോംഗ് ജമ്പിലേക്കും വോളിബോളിലേക്കും കടക്കുന്നതിന് മുമ്പ് കുട്ടിക്കാലത്ത് ഒരു സ്പ്രിന്ററായി പരിശീലനം നേടി. ഹോക്കിയിൽ ഗോൾകീപ്പിംഗിലേക്ക് കണ്ണുകൾ തിരിക്കണമെന്ന് കോച്ച് നിർദ്ദേശിച്ചപ്പോൾ അദ്ദേഹത്തിന് 12 വയസ്സായിരുന്നു.

രണ്ട് വർഷത്തിന് ശേഷം സീനിയർ ടീമിൽ പ്രവേശിക്കുന്നതിന് മുമ്പ് 2004 ൽ ജൂനിയർ ദേശീയ ടീമിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചു. യുവ ഗോൾകീപ്പർമാരുടെ കാര്യത്തിലെന്നപോലെ ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പുള്ള ആദ്യ വർഷങ്ങളിൽ മുതിർന്ന ഗോൾകീപ്പർമാരായ അഡ്രിയാൻ ഡിസൂസ ഭരത് ചെത്രി എന്നിവരുമായി ശ്രീജേഷിന് സ്ഥാനം പങ്കിടേണ്ടിവന്നു .

2014 ൽ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡലിലേക്കുള്ള ഇന്ത്യയുടെ ഓട്ടത്തിലെ താരമായിരുന്നു ശ്രീജേഷ് ഫൈനലിൽ പാകിസ്ഥാനെതിരെ രണ്ട് പെനാൽറ്റി സ്ട്രോക്കുകൾ രക്ഷിച്ചു. ആ വർഷം അവസാനം ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ടൂർണമെന്റിന്റെ ഗോൾകീപ്പറായി ശ്രീജേഷിനെ തിരഞ്ഞെടുത്തു.

2016 റിയോ ഒളിമ്പിക്സിന് മുന്നോടിയായി അദ്ദേഹത്തെ ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയിൽ സർദാർ സിംഗിന്റെ പിൻഗാമിയാക്കാൻ ഇതെല്ലാം കാരണമായി. ഇന്ത്യ ക്വാർട്ടർ ഫൈനലിലെത്തി അവിടെ അവർ ബെൽജിയത്തോട് 3-1ന് തോറ്റു. ശ്രീജേഷിന്റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ ഘട്ടമാണ് അന്ന് നേരിട്ടത്.

ടീം ഇന്ത്യയുടെ ചരിത്രവിജയത്തിൽ പിആർ ശ്രീജേഷ് ഒരിക്കൽക്കൂടി രക്ഷകൻ ആയതായി ഇന്നും കണ്ടു. അവസാന മിനിറ്റുകളിൽ എതിരാളികള്ക്ക് കിട്ടിയ പെനാൽറ്റി കോർണർ ഗോൾ വഴങ്ങുമെന്ന സന്ദർഭത്തിൽ മനോഹരമായി തടുത്തു കൊണ്ട് വിജയം പിടിച്ചു വാങ്ങുകയായിരുന്നു.

ഇന്ന് ജർമ്മൻ കളിക്കാർക്ക് അവരുടെ കഴിവിന്റെ പരമാവധി എല്ലാ ശക്തിയും പ്രയോഗിച്ചുകൊണ്ട് പോലും പന്ത് ഇന്ത്യൻ ഗോൾ പോസ്റ്റിൽ ഇടാൻ കഴിഞ്ഞില്ല. എതിരാളികൾ അടിക്കുന്ന ഓരോ പന്തും പി ആർ ശ്രീജേഷിന്റെ മുന്നിൽ ഒന്നുമല്ലാതായ നിമിഷം. ഒരു പാറ പോലെ പോസ്റ്റിൽ ഉറച്ചുനിന്നു.

ഡസൻ കണക്കിന് ഗോളുകൾ ശ്രീജേഷ് സംരക്ഷിച്ചിട്ടുണ്ട്. ശ്രീജേഷിന്റെ അടുത്തകാലത്തെ പ്രകടനത്തിൽ ക്വാർട്ടറിൽ ബ്രിട്ടനെതിരെ ആണ്. കളിക്കിടെ അദ്ദേഹത്തിന് 8 പെനാൽറ്റി കോർണറുകൾ പ്രതിരോധിക്കേണ്ടി വന്നു. ഒരു യഥാർത്ഥ പോരാളിയായി ഗോൾവല കാക്കുന്നതോടൊപ്പം ടീമിനെ ഒന്നടങ്കം മോട്ടിവേഷൻലൂടെ മാനസിക പിന്തുണ കൂടി നൽകി ശ്രീജേഷ് ഓരോ നീക്കങ്ങളും വിലയിരുത്തിയിരുന്നു. ഗോൾപോസ്റ്റിലെ മതിൽ പോലെ നിൽക്കുന്ന ശ്രീജേഷിനെ രാജ്യം ‘ദി വാൾ ’ എന്ന് വിളിക്കാൻ തുടങ്ങി. ഇന്ന് ജർമ്മനിക്കെതിരെ ഒമ്പത് മികച്ച പ്രതിരോധങ്ങൾ നടത്തിയിരുന്നു.

മത്സരത്തിന്റെ അവസാന മിനിറ്റിൽ ജർമ്മനി ടീമിന് പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഒരിക്കൽ കൂടി ജർമ്മൻ കളിക്കാർക്ക് ശ്രീജേഷിനെ മറികടക്കാൻ കഴിഞ്ഞില്ല. ഉജ്ജ്വലമായ ഈ സേവിനു ശേഷം ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. ജർമ്മനിക്ക് 13 കോർണറുകൾ ലഭിച്ചപ്പോൾ അവർക്ക് ഒരെണ്ണം മാത്രം ഗോളാക്കി മാറ്റാൻ കഴിഞ്ഞുള്ളൂ എന്നു പറയുമ്പോൾ തന്നെ മനസ്സിലാക്കാം ശ്രീജേഷിനെ പവർ.

ലോകം 'ദി ഗ്രേറ്റ്‌ വാൾ ഓഫ് ദി ഇന്ത്യ ' എന്നു വിളിക്കുമ്പോൾ അതിൽ ഓരോ മലയാളികൾക്കും അഭിമാനിക്കാം. അതെ, ക്രിക്കറ്റിൽ സച്ചിനുവേണ്ടി 2011 ലോകകപ്പ് നേടിയപ്പോൾ ഹോക്കിയിൽ ശ്രീജേഷിന് വേണ്ടി സ്വർണ്ണ തിളക്കമുള്ള വെങ്കലം നേടിയെന്ന് മലയാളികൾക്കും പറയാം.

ഇഖ്ബാൽ മുറ്റിച്ചൂർ.

Related Posts