2022 ലെ റിപ്പബ്ലിക് ദിന പരേഡ് സെൻട്രൽ വിസ്തയിൽ നിന്ന്: കേന്ദ്ര മന്ത്രി ഹർദീപ് പുരി
അടുത്ത വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സെൻട്രൽ വിസ്ത ആതിഥേയത്വം വഹിക്കുമെന്ന് കേന്ദ്ര ഭവന, നഗര വികസന, പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് പുരി. രാഷ്ടപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള സെൻട്രൽ വിസ്ത അവന്യു അടുത്ത രണ്ടര മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വർഷത്തിൽ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം സെൻട്രൽ വിസ്തയിലെ പുതിയ പാർലമെൻ്റ് മന്ദിരത്തിലാവും ചേരുന്നത്.
സെൻട്രൽ വിസ്തയെപ്പറ്റി നുണക്കഥകളും വ്യാജ വാർത്തകളും പലരും പ്രചരിപ്പിക്കുന്നുണ്ട്. പ്രതിരോധ മന്ത്രാലയത്തിലും സേനയിലും സേവനം അനുഷ്ഠിക്കുന്ന എഴായിരം ജീവനക്കാർക്കായി പണി കഴിപ്പിച്ച രണ്ട് കെട്ടിടങ്ങളെപ്പറ്റി നുണ പ്രചാരകർ മൗനം പാലിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഈ കെട്ടിടങ്ങളും സെൻട്രൽ വിസ്തയുടെ ഭാഗമാണെന്ന കാര്യം അവർ സൗകര്യപൂർവം മറന്നുകളയുകയാണ്.
അതേപ്പറ്റി പറയാനിട വന്നാൽ അവരുടെ പച്ചക്കള്ളങ്ങൾ പൊളിഞ്ഞു പോകുമെന്നും മന്ത്രി പറഞ്ഞു.
ത്രികോണാകൃതിയിലുള്ള പാർലമെൻ്റ് മന്ദിരം, സെൻട്രൽ സെക്രട്ടേറിയറ്റ്, രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെ മൂന്ന് കിലോമീറ്റർ നീളത്തിൽ രാജ്പഥിൻ്റെ മോടി പിടിപ്പിക്കൽ, പ്രധാനമന്ത്രിയുടെ വസതി, പി എം ഒ, ഉപരാഷ്ട്രപതിയുടെ വസതി എന്നിവ സെൻട്രൽ വിസ്ത പദ്ധതിയിൽ ഉൾപ്പെടുന്നു.