ഹരിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സമ്പന്ന രാജ്യങ്ങൾക്ക് ഉയർന്ന ഉത്തരവാദിത്തമെന്ന് ഇന്ത്യ
കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനും കാലാവസ്ഥാ പരിവർത്തനത്തിനും വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് കുറഞ്ഞ ചെലവിൽ സാങ്കേതിക വിദ്യയും സാമ്പത്തിക പിന്തുണയും നൽകേണ്ടതുണ്ടെന്ന് ഇന്ത്യ. ജി 20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തിലായിരുന്നു കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിലും ഹരിത ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിലും സമ്പന്ന രാജ്യങ്ങൾക്കുള്ള ഉയർന്ന ഉത്തരവാദിത്തത്തെപ്പറ്റി ഇന്ത്യൻ പ്രതിനിധിയായ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഓർമിപ്പിച്ചത്.
അഞ്ച് ദിവസത്തെ ചർച്ചകൾക്ക് ശേഷം ഉച്ചകോടിയുടെ അവസാനം അംഗീകരിച്ച റോം പ്രഖ്യാപനം, തങ്ങളുടെ പ്രതിബദ്ധതകൾ നിറവേറ്റുന്നതിൽ വികസിത രാജ്യങ്ങൾ വേണ്ടത്ര ഉത്തരവാദിത്തം നിർവഹിച്ചിട്ടില്ലെന്നും സാമ്പത്തികമായും സാങ്കേതികമായും അവ ലോകത്തിന് ഇനിയും ഏറെ സംഭാവന ചെയ്യേണ്ടതുണ്ടെന്നും സമ്മതിക്കുന്നുണ്ട്.
ലോകം കാർബൺ ന്യൂട്രാലിറ്റിയെപ്പറ്റി ചർച്ച ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. കുറഞ്ഞ ചെലവിലുള്ള ഊർജത്തിന്റെ ഗുണഫലങ്ങൾ വർഷങ്ങളായി ആസ്വദിച്ചുവരുന്ന വികസിത രാജ്യങ്ങൾ നെറ്റ് സീറോയിലേക്ക് വളരെ വേഗത്തിൽ പോകണം. നെറ്റ് നെഗറ്റീവിനുള്ള ശ്രമങ്ങൾ പോലും അവ സ്വീകരിക്കണം. വികസ്വര രാജ്യങ്ങൾക്ക് തങ്ങളുടെ വികസന അജണ്ട പിന്തുടരാനുള്ള പോളിസി സ്പേസും കാർബൺ സ്പേസും അതുവഴി ലഭിക്കുമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു.