സുപ്രീംകോടതി ജഡ്ജിമാരായി മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് പേരെ നിയമിക്കാന്‍ ശുപാര്‍ശ.

ന്യൂ ഡൽഹി: മൂന്ന് വനിതകൾ ഉൾപ്പടെ ഒമ്പത് പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ കൊളീജിയം ശുപാർശ നൽകിയതായി സൂചന. ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുള്ള ജസ്റ്റിസ് ബി വി നാഗരത്നയുടെ പേരും കൊളീജിയം ശുപാർശ ചെയ്ത പട്ടികയിൽ ഉണ്ട്. 1989 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി വി നാഗരത്ന. തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്തിരിക്കുന്ന മറ്റ് വനിതകൾ.

കേരള ഹൈക്കോടതിയിലെ സീനിയോറിറ്റിയിൽ രണ്ടാമനായ ജസ്റ്റിസ് സി ടി രവികുമാറിനെയും സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ ശുപാർശ ചെയ്തതായാണ് സൂചന. കോഴിക്കോട് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ സി ടി രവികുമാർ, 1986 ലാണ് കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചത്. ഗവൺമെന്റ് പ്ലീഡറായും സീനിയർ ഗവൺമെന്റ് പ്ലീഡറായും പ്രവർത്തിച്ചിട്ടുള്ള രവികുമാറിനെ 2009 ൽ ആണ് കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി നിയമിച്ചത്. കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ 2025 വരെ സുപ്രീം കോടതി ജഡ്ജി ആയി തുടരും.

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി എന്നിവരെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തതായാണ് സൂചന.

മദ്രാസ് ഹൈക്കോടതിയിൽ സീനിയോറിറ്റിയിൽ മൂന്നാമനായ ജസ്റ്റിസ് എം എം സുന്ദരേഷ്, മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ പി എസ് നരസിംഹ എന്നിവരുടെ പേരുകളും കൊളീജിയം ശുപാർശ ചെയ്ത പട്ടികയിൽ ഉണ്ടെന്നാണ് സൂചന.

Related Posts