ഇന്ത്യ-താലിബാൻ കൂടിക്കാഴ്ച ഇന്ന് റഷ്യയിൽ

റഷ്യ ആതിഥേയത്വം വഹിക്കുന്ന മോസ്കോ ഫോർമാറ്റ് യോഗത്തിൽ ഇന്ത്യൻ പ്രതിനിധി സംഘവും താലിബാൻ അധികൃതരും ഇന്ന് കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്താനിലെ സുരക്ഷാ പ്രശ്നങ്ങളും എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ചുള്ള സർക്കാർ രൂപീകരിക്കേണ്ടതിൻ്റെ ആവശ്യകതയും ചർച്ചാവിഷയമാകും.

വിദേശകാര്യ മന്ത്രാലയത്തിൽ പാകിസ്താൻ-അഫ്ഗാനിസ്താൻ-ഇറാൻ ഡസ്ക് കൈകാര്യം ചെയ്യുന്ന ജോയിൻ്റ് സെക്രട്ടറി ജെ പി സിങ്ങാണ് മോസ്കോ ഫോർമാറ്റിൽ ഇന്ത്യൻ ഡെലിഗേഷനെ നയിക്കുന്നത്. ഇടക്കാല സർക്കാരിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയായ അബ്ദുൾ സലാം ഹനാഫിയാണ് അഫ്ഗാൻ ഡെലിഗേഷനെ നയിക്കുന്നത്. ഇന്ത്യൻ സംഘവും താലിബാനുമായുള്ള അനൗപചാരിക കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതകളും തള്ളിക്കളയാനാവില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അഫ്ഗാനിസ്താൻ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി 2017 മുതലാണ് റഷ്യയുടെ നേതൃത്വത്തിൽ മേഖലയിലെ രാജ്യങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മോസ്കോ ഫോർമാറ്റ് നടന്നുവരുന്നത്. തുടക്കത്തിൽ റഷ്യ, അഫ്ഗാനിസ്താൻ, ഇന്ത്യ, ഇറാൻ, ചൈന, പാകിസ്താൻ എന്നീ ആറ് രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് നാല് രാജ്യങ്ങൾ കൂടി ഇതിൻ്റെ ഭാഗമായി. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിലേറിയതിനു ശേഷമുള്ള ആദ്യ മോസ്കോ ഫോർമാറ്റാണ് ഇന്ന് നടക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

Related Posts