സോഷ്യൽ മീഡിയയിലൂടെ ലോകത്ത് ഏറ്റവുമധികം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച രാജ്യം എന്ന കുപ്രസിദ്ധി ഇന്ത്യയ്ക്ക്
കൊവിഡിനെ കുറിച്ച് ലോകത്ത് ഏറ്റവുമധികം തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച രാജ്യം എന്ന കുപ്രസിദ്ധി നേടി ഇന്ത്യ. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ലൈബ്രറി അസോസിയേഷൻ ആന്റ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ജേണലിലാണ് ഇതുസംബന്ധിച്ച പഠനവിവരം പ്രസിദ്ധീകരിച്ചത്. 138 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് പഠനത്തിനും അവലോകനത്തിനും വിധേയമാക്കിയത്.
'പ്രിവാലൻസ് ആന്റ് സോഴ്സ് അനാലിസിസ് ഓഫ് കൊവിഡ്-19 മിസ്ഇൻഫൊമേഷൻ ഇൻ 138 കൺട്രീസ് ' എന്ന പേരിലാണ് പഠനം.
രാജ്യത്തെ ഉയർന്ന ഇന്റർനെറ്റ് വ്യാപന നിരക്ക്, വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗം, ഉപയോക്താക്കളുടെ ഇന്റർനെറ്റ് സാക്ഷരതക്കുറവ് എന്നിവയാണ് തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിക്കാനുള്ള കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 138 രാജ്യങ്ങളിൽ നിന്നുള്ള 9,657 തെറ്റായ വിവരങ്ങളാണ് പഠനവിധേയമാക്കിയത്. 94 സംഘടനകൾ അവയുടെ നിജസ്ഥിതി പരിശോധിച്ചു. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വ്യാജ വാർത്തകളിൽ 18.07 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു.
ഇന്ത്യ (15.94 ), അമേരിക്ക (9.74), ബ്രസീൽ (8.57), സ്പെയിൻ(8.03) എന്നീ നാലു രാജ്യങ്ങളാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ മൂലം ലോകത്ത് ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നതെന്നും പഠനം പറയുന്നു.