ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തി ഇന്ത്യ
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീം ഒന്നാം സ്ഥാനത്തെത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (ഐസിസി) പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ടെസ്റ്റ്, ഏകദിന, ടി 20 ഫോർമാറ്റുകളിലാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരം ജയിച്ചതോടെ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ടീമായി മാറി. മത്സരത്തിന് മുമ്പ് ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. നിലവിൽ 115 ആണ് ഇന്ത്യയുടെ ടെസ്റ്റ് റേറ്റിംഗ്. 111 റേറ്റിംഗുമായി ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ. ഏകദിനത്തിൽ ഇന്ത്യയുടെ റേറ്റിംഗ് 114 ആണ്. ഇവിടെയും ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലൻഡ്, ഇംഗ്ലണ്ട്, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ.