എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാമത്; പിന്നാലെ ഓസ്ട്രേലിയയെ പുനഃസ്ഥാപിച്ച് ഐസിസി

ദുബായ്: ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തിയതിന്‍റെ ഇന്ത്യയുടെ ആഹ്ളാദം അവശേഷിച്ചത് ഏതാനും മണിക്കൂറുകൾ മാത്രം. ഐസിസി പുറത്തുവിട്ട ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയായിരുന്നു ഒന്നാമതെത്തിയത്. എന്നാൽ ആറ് മണിക്കൂറിനുള്ളിൽ ഇന്ത്യയ്ക്ക് പകരം ഐസിസി ഓസ്ട്രേലിയയെ പുനഃസ്ഥാപിച്ചു. ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ റേറ്റിംഗ് പോയിന്‍റ് 115 ഉം ഓസ്ട്രേലിയയുടേത് 126 ഉം ആണ്. ഇന്ത്യക്ക് 115ഉം ഓസ്ട്രേലിയക്ക് 111ഉം ആയിരുന്നു ആദ്യം. ഇന്ത്യയുടെ റേറ്റിംഗ് പോയിന്‍റ് കുറഞ്ഞിട്ടില്ലെങ്കിലും ഓസ്ട്രേലിയയുടെ റേറ്റിംഗ് ഉയരുകയും ചെയ്തു. ഐസിസിയുടെ യു-ടേൺ സോഷ്യൽ മീഡിയയിൽ ആരാധകരുടെ രോഷത്തിന് കാരണമായിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഐസിസി ഇതുവരെ വിശദീകരിച്ചിട്ടില്ല. നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യ ജയിച്ചിരുന്നു. ജനുവരിയിൽ ന്യൂസിലൻഡിനെതിരായ പരമ്പര 3-0 ന് ജയിച്ചതിന് ശേഷമാണ് ഇന്ത്യ ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തിയത്. നിലവിൽ ടി20 റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. എല്ലാ ഫോർമാറ്റിലും ആദ്യമായി ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞതിൻ്റെ ആഹ്ളാദമാണ് ഐസിസി നഷ്ടമാക്കിയത്.

Related Posts