വായു ഗുണനിലവാരം കുറഞ്ഞ ഏഷ്യൻ നഗരങ്ങളിൽ ഇന്ത്യ മുൻപന്തിയിൽ
വേൾഡ് എയർ ക്വാളിറ്റി ഇൻഡക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, എട്ട് ഇന്ത്യൻ നഗരങ്ങൾ ഏഷ്യയിലെ ഏറ്റവും മോശം വായു ഗുണനിലവാരമുള്ള പ്രദേശങ്ങളുടെ പട്ടികയിൽ. മികച്ച വായു നിലവാരമുള്ള ആദ്യ 10 നഗരങ്ങളുടെ പട്ടികയിൽ ആന്ധ്രാപ്രദേശിലെ രാജമഹോന്ദ്രവാരം മാത്രമാണ് ഏക ഇന്ത്യൻ നഗരം. ഏറ്റവും വായു മലിനമായ നഗരമായി, 679 പോയിന്‍റുമായി ഗുരുഗ്രാം ആണ് ഒന്നാമത്. രേവാരിക്ക് സമീപമുള്ള ധരുഹേര നഗരം (543), ബിഹാറിലെ മുസാഫർപൂർ (316) എന്നിവയാണ് മോശം വായു നിലവാരം പുലര്‍ത്തുന്ന നഗരങ്ങളായി രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. എ.ക്യു.ഐ പൂജ്യത്തിനും 50-നും ഇടയിലുള്ളതാണെങ്കിൽ നല്ലതും 51-ഉം 100-ഉം തൃപ്തികരവും 101-ഉം 200-ഉം മിതമായതും 201-ഉം 300-ഉം മോശവും, 301-ഉം 400-ഉം വളരെ മോശവും, 401-ഉം 500-ഉം കഠിനവും എന്നിങ്ങനെയാണ് വായു ഗുണനിലവാരം കണക്കാക്കുന്നത്. ടാൽക്കറ്റർ, ലഖ്‌നൗ ( 298), ഡിആർസിസി ആനന്ദ്പൂർ, ബെഗുസാരായി (269), ഭോപ്പാൽ ചൗരാഹ, ദേവാസ് (266), ഖഡക്പഡ, കല്യാൺ (256), ദർശൻ നഗർ, ഛപ്ര ( 239) എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് ഇന്ത്യൻ നഗരങ്ങൾ. വേൾഡ് എയർ ക്വാളിറ്റി ഇൻഡക്സ്, വായു മലിനീകരണത്തെക്കുറിച്ച് പൗരന്മാർക്ക് അവബോധം നൽകുന്നതിനും ഏകീകൃതവും ലോകവ്യാപകവുമായ വായു ഗുണനിലവാര വിവരങ്ങൾ നൽകുന്നതിനും വേണ്ടിയുള്ള ഒരു പദ്ധതിയാണ്. ദീപാവലിക്കാലത്ത്, ഡൽഹി-എൻസിആർ ഉൾപ്പെടെ ഇന്ത്യയിലെ പല നഗരങ്ങളിലും പടക്കം പൊട്ടിക്കുന്നതിനാൽ വായു ഗുണനിലവാര സൂചികയിൽ വൻ വർധനവ് ഉണ്ടായി. മാലിന്യങ്ങൾ കത്തിക്കുന്നതും മലിനീകരണ തോത് കൂടുന്നതിന് കാരണമാകുന്നു.