ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാകും പുതിയ വാഹനം പൊളിക്കൽ നയമെന്ന് പ്രധാനമന്ത്രി.
രാജ്യത്തെ പുതിയ വാഹനം പൊളിക്കൽ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; സ്വകാര്യ ഉപയോഗത്തിന് 20 വർഷം, വാണിജ്യത്തിന് 15 വർഷം.
ന്യൂഡൽഹി: രാജ്യത്തെ പുതിയ വാഹനം പൊളിക്കൽ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ പരമാവധി 20 വർഷവും വാണിജ്യ ആവശ്യങ്ങൾക്കുളള വാഹനങ്ങൾക്ക് 15 വർഷവും മാത്രമേ ഉപയോഗിക്കാവൂ എന്ന് പ്രധാനമന്ത്രി അറിയിച്ചു. ഗുജറാത്തിൽ നടക്കുന്ന നിക്ഷേപക ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാകും പുതിയ വാഹനം പൊളിക്കൽ നയമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇതിലൂടെ വലിയ മാറ്റമാകും രാജ്യത്തെ വാഹന മേഖലയിലുണ്ടാക്കുകയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗതാഗത രംഗത്തും ഈ മാറ്റമുണ്ടാകും. രാജ്യത്ത് വരുന്ന 25 വർഷക്കാലം വലിയ മാറ്റങ്ങളുടേതാണെന്നും പ്രധാനപ്പെട്ട കാലയളവാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. നിരവധിയാളുകൾക്ക് ജോലി ലഭിക്കുന്നതിനും രാജ്യത്തിന് 10000 കോടിയുടെ അധികനേട്ടമുണ്ടാക്കാനും പദ്ധതി ഇടയാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കാര്യക്ഷമതയില്ലാത്തതും മലിനീകരണം സൃഷ്ടിക്കുന്നതുമായി വാഹനങ്ങൾ പൊളിച്ചുനീക്കുകയാണ് ലക്ഷ്യം. ഇത് മലിനീകരണ മുക്തവും പ്രകൃതി സൗഹാർദവുമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ യുവാക്കളും സ്റ്റാർട്ട്അപ്പുകളും ഈ ഉദ്യമത്തോട് സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകി, പുതിയ വാഹനം വാങ്ങുന്ന ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ ഒരുക്കുന്നത്. വാഹനങ്ങളുടെ സ്ക്രാപ്പ് മൂല്യം ഷോറൂം വിലയുടെ ആറ് ശതമാനം വരെയായിരിക്കുമെന്നാണ് വിവരം. പ്രധാനമായും പഴയ വാഹനം പൊളിച്ച് പുതിയ വാഹനം വാങ്ങുന്നവർക്ക് രജിസ്ട്രേഷൻ ചാർജുകൾ സൗജന്യമായിരിക്കും. ഇതിനൊപ്പം വാണിജ്യ വാഹനങ്ങൾക്ക് 25 ശതമാനവും സ്വകാര്യ വാഹനങ്ങൾക്ക് 15 ശതമാനവും റോഡ് നികുതി ഇളവും ഒരുക്കിയേക്കും. പരിപാലന ചെലവ്, റിപ്പയറിനും മറ്റുമുള്ള തുക, ഉയർന്ന ഇന്ധനക്ഷമത തുടങ്ങിയ നേട്ടങ്ങളുണ്ടാകുമെന്ന് നയം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു
ഫിറ്റല്ലാത്ത ഒരു കോടിയോളം വാഹനങ്ങൾ ഇന്ത്യയിൽ ഓടുന്നുണ്ടെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. അതുകൊണ്ട് തന്നെ വാഹനങ്ങൾ പൊളിക്കുന്നത് കാലപ്പഴക്കം പരിഗണിച്ച് ആയിരിക്കില്ല. മറിച്ച് വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധിച്ച് അതിൽ പരാജയപ്പെടുന്ന വാഹനങ്ങളായിരിക്കും പൊളിക്കുക എന്നാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരിക്കുന്നത്.
വാഹനം പൊളിക്കൽ നയം പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ഫിറ്റ്നെസ് പരിശോധിക്കുന്നതിനുള്ള ടെസ്റ്റിങ്ങ് സ്റ്റേഷനുകളും രജിസ്ട്രേഡ് വെഹിക്കിൾ സ്ക്രാപ്പിങ്ങ് കേന്ദ്രങ്ങളും തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്നോണം 70 വാഹന പൊളിക്കൽ കേന്ദ്രങ്ങൾ ഒരുക്കും.
പൊളിക്കൽ നയം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലെ വാഹനശ്രേണികൾ കൂടുതൽ നവീനമാകുമെന്നും മികച്ച വാഹനങ്ങൾ നിരത്തുകളിൽ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങൾ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനുള്ള സാധ്യതകളും ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നാണ് മോദി ഉറപ്പ് നൽകിയിരിക്കുന്നത്.