ഇന്ന് വിനായക ചതുർത്ഥി

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് ഗണപതി ഭഗവാൻ്റെ ജന്മദിനമായ വിനായക ചതുർത്ഥി അഥവാ ഗണേശ ചതുർത്ഥി ആഘോഷിക്കപ്പെടുന്നത്. ഗജപൂജ, ആനയൂട്ട് തുടങ്ങി ഒട്ടേറെ പരിപാടികളോടെയാണ് ഈ ദിനം കൊണ്ടാടാറ്. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തപ്പെടുന്നു. വിഘ്നേശ്വരനായ ഗണപതി ഭഗവാനെ പൂജിക്കാനും പ്രാർത്ഥിക്കാനും ഇതിലും നല്ല ദിവസമില്ലെന്നാണ് വിശ്വാസം.

വിഭിന്നങ്ങളും വ്യതിരിക്തങ്ങളുമായ അനേകം പദാർത്ഥങ്ങളുടെ സമഞ്ജസമായ സമ്മേളനമാണ് നമ്മുടെ പ്രപഞ്ചം. ദൈവവും മനുഷ്യനും മൃഗവും പക്ഷിയും വൃക്ഷവുമെല്ലാം ഒത്തുചേരുന്ന ഗണം അഥവാ കൂട്ടം. ഗണപതിയെ ഗണത്തിൻ്റെ അഥവാ കൂട്ടത്തിൻ്റെ പതി അഥവാ നാഥനായി ഗണിക്കപ്പെടുന്നു. ഏതു ശുഭകാര്യത്തിനു തുടക്കം കുറിക്കുമ്പോഴും വിഘ്നങ്ങൾ ഒഴിവാക്കാൻ ഗണപതി പൂജ ചെയ്യുന്നത് നല്ലതാണ് എന്നാണ് സങ്കല്പം.

ഉത്തരേന്ത്യയിലെമ്പാടും വലിയ ആഘോഷ പരിപാടികളോടെയാണ് വിനായക ചതുർത്ഥി കൊണ്ടാടുന്നത്. കേരളത്തിലും ആഘോഷ പരിപാടികൾ അരങ്ങേറുന്നുണ്ട്. കോവിഡ് കാലത്ത് ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ ഉള്ളതിനാൽ വിശ്വാസികൾക്ക് വിഘ്നേശ്വരനെ പ്രാർത്ഥിച്ച് വീടുകളിൽ കഴിയാം.

ഓം വക്രതുണ്ഡായ നമ:

ഓം ഏകദന്തായ നമ:

ഓം കൃഷ്ണപിംഗാക്ഷായ നമ:

ഓം ഗജവക്ത്രായ നമ:

ഓം ലംബോധരായ നമ:

ഓം വികടായ നമ:

ഓം വിഘ്നരാജായ നമ:

ഓം ധ്രൂമ്രവര്‍ണ്ണായ നമ:

ഓം ഫാലചന്ദ്രായ നമ:

ഓം വിനായകായ നമ:

ഓം ഗണപതയേ നമ:

ഓം ഗജാനനായ നമ:

വായനക്കാർക്ക് തൃശ്ശൂർ ടൈംസിൻ്റെ പ്രാർത്ഥനാ നിർഭരമായ വിനായക ചതുർത്ഥി ആശംസകൾ...

Related Posts