ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20 ഇന്ന്

നാഗ്‌പൂര്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഇന്ന് നാഗ്പൂരിൽ നടക്കും. പേസർ ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും. പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. മഴ ഭീഷണിയിലാണ് മത്സരം നടക്കുക. നാഗ്പൂരിൽ ഇന്നലെ കനത്ത മഴയായിരുന്നു. ഇന്ത്യക്കും ഓസ്ട്രേലിയയ്ക്കും പരിശീലനത്തിന് ഇറങ്ങാൻ പോലും കഴിഞ്ഞില്ല. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മൊഹാലിയിൽ നടന്ന ആദ്യ കളിയിലെ തോൽവിക്ക് ഇന്ത്യ പകരം വീട്ടേണ്ടതുണ്ട്. മഴമേഘങ്ങൾ വിട്ടുനിൽക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ ആരാധകർ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പരിക്കിൽനിന്ന് മുക്തനായ ജസ്പ്രീത് ബുമ്ര കളിച്ചേക്കും. ഡെത്ത് ഓവറുകളിൽ വലിയ രീതിയിൽ റൺസ് വഴങ്ങുന്ന ഇന്ത്യയ്ക്ക് ബുംറയുടെ വരവ് വലിയ ആശ്വാസമാകും. പുറംവേദനയെ തുടർന്ന് ജൂലൈ 14 മുതൽ ബുംറ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പരിചയസമ്പന്നനായ പേസർ ഭുവനേശ്വർ കുമാർ ഉൾപ്പെടെ അമിത റൺസ് വഴങ്ങുന്നത് ഇന്ത്യക്ക് നിയന്ത്രിക്കേണ്ടി വരും.  അതേസമയം, എല്ലാ ഇന്ത്യൻ ബാറ്റ്സ്മാൻമാരും ഫോമിലാണെന്നത് ആശ്വാസകരമാണ്. രോഹിത് ശർമ്മയിൽ നിന്നും വിരാട് കോഹ്ലിയിൽ നിന്നും അൽപ്പം കൂടി ഉത്തരവാദിത്തമുള്ള ഇന്നിംഗ്സാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ദിനേഷ് കാർത്തിക്കിന്‍റെ വലിയ ഇന്നിംഗ്സുകളും മത്സരങ്ങളിൽ കാണാനില്ല. മറുവശത്ത്, ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ. രാത്രി 7 മണിക്കാണ് മത്സരം. 

Related Posts