പൂജാ സമയത്ത് ജീൻസ് ധരിച്ചു; 17 കാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി.
ലക്നൗ: പൂജാ സമയത്ത് ജീൻസ് ധരിച്ചതിന് മുത്തച്ഛനും അമ്മാവന്മാരും 17കാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഡിയോറിയയിലെ സാവ്റേജി ഗാർഗ് എന്ന ഗ്രാമത്തിലാണ് സംഭവം.
പതിനേഴുകാരിയായ നേഹ പസ്വാൻ ആണ് ബന്ധുക്കളുടെ അടിയേറ്റ് ബോധം കെട്ടു വീണത്. ആശുപത്രിയിൽ കൊണ്ടുപോകാനായി പെൺകുട്ടിയെ ഓട്ടോയിൽ കയറ്റിയ ഇവർ നേഹയെ അടുത്തുളള പാലത്തിൽ ഉപേക്ഷിച്ചു എന്നും ഇവിടെ വച്ച് കുട്ടി മരിച്ചു എന്നുമാണ് റിപ്പോർട്ട്.
കുടുംബത്തിലെ വ്രതാനുഷ്‌ഠാനത്തിന്റെ ഭാഗമായി പൂജയുണ്ടായിരുന്നു. ഈ സമയം പെൺകുട്ടി ജീൻസ് ധരിച്ചെത്തി. ഇത് മാറ്റാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും കുട്ടി തയ്യാറായില്ല. ദേഷ്യം വന്നപ്പോൾ അവർ വടികൊണ്ട് കുട്ടിയെ അടിക്കുകയും നേഹ ബോധം കെട്ടു വീഴുകയുമായിരുന്നു. പിന്നെ ആശുപത്രിയിൽ കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കുട്ടിയെയും കൊണ്ട് പോയി. എന്നാൽ ആശുപത്രികളിൽ അന്വേഷിച്ചപ്പോൾ നേഹ അവിടെ എത്തിയിട്ടില്ല എനന്നറിഞ്ഞത്. തുടർന്നാണ് ഗാണ്ഡക് നദിയുടെ കുറുകെയുളള പാലത്തിൽ കുട്ടിയുടെ ശരീരം തലകീഴായി തൂങ്ങിക്കിടക്കുന്നത് കണ്ടത് എന്നാണ് സംഭവത്തെ കുറിച്ച് നേഹയുടെ അമ്മ ശകുന്തള പറഞ്ഞത്.
സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛനെയും മറ്റ് ബന്ധുക്കളെയും പ്രതിയാക്കി പൊലീസ് കേസെടുക്കുകയും ഓട്ടോ ഡ്രൈവർ ഉൾപ്പടെ നാലുപേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.