ഇന്ത്യ-സിംബാബ്‌വെ ഒന്നാം ഏകദിനം ഇന്ന്
ഇന്ത്യ-സിംബാബ്‌വെ ഒന്നാം ഏകദിനം ഇന്ന്. ആദ്യ മത്സരത്തിൽ സീനിയർ കളിക്കാരും പരിശീലകരും ഇല്ലാതെയാകും ഇന്ത്യ ഇറങ്ങുക. ക്യാപ്റ്റൻ കെഎൽ രാഹുലിനും യുവതാരങ്ങൾക്കും ഈ പരമ്പര നിർണായകമാകും. ഉച്ചയ്ക്ക് 12.45ന് ഹരാരെ സ്പോർട്സ് ക്ലബിലാണ് മത്സരം. രാഹുൽ ദ്രാവിഡിന് വിശ്രമം നൽകിയതിനാൽ ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി വിവിഎസ് ലക്ഷ്മൺ സിംബാബ്‌വെയിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കും. കെഎൽ രാഹുൽ നയിക്കുന്ന ടീമിൽ സഞ്ജു സാംസണും അംഗമാണ്. ശിഖർ ധവാനാണ് വൈസ് ക്യാപ്റ്റൻ. ആദ്യ ഇലവനിൽ ഇടം നേടാൻ കഴിവുള്ള ഇരട്ടി കളിക്കാർ അവരുടെ ഊഴത്തിനായി കാത്തിരിക്കുമ്പോൾ, ട്വന്‍റി 20 ലോകകപ്പിലടക്കം അവസരം ലഭിക്കണമെങ്കിൽ പരമ്പരയിലെ പ്രകടനം നിർണായകമാകും. അടുത്തിടെ സ്വന്തം നാട്ടിൽ നടന്ന ടി20, ഏകദിന പരമ്പരകളിൽ സിംബാബ്‌വെ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു. സിക്കന്ദർ റാസയായിരുന്നു പരമ്പരയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. ആദ്യ ടി20യിൽ സിംബാബ്‌വെ 17 റൺസിനും മൂന്നാം ടി20യിൽ 10 റൺസിനും ജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ 7 വിക്കറ്റിനാണ് അവർ പരാജയപ്പെട്ടത്. ഏകദിന പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും 5 വിക്കറ്റിന് ജയിച്ച സിംബാബ്‌വെ, അവസാന മത്സരം 105 റൺസിന് തോറ്റു.