മലമ്പുഴയുടെ തനിയാവർത്തനം കർണാടകയിൽ; മലമുകളിലെ ഗർത്തത്തിൽ കുടുങ്ങിയ 19 കാരനെ സാഹസികമായി രക്ഷപ്പെടുത്തി ഇന്ത്യൻ വ്യോമസേന
ഏതാനും ദിവസം മുമ്പ് മലമ്പുഴയിലെ കൂർമ്പാച്ചി മലയിൽ നടന്ന സംഭവങ്ങളുടെ തനിയാവർത്തനം കർണാടകയിലെ ബ്രഹ്മഗിരി മലയിലും. 23 കാരനായ ബാബു എന്ന യുവാവിനെയാണ് കേരളത്തിൽ രക്ഷപ്പെടുത്തിയതെങ്കിൽ ഒരു 19 കാരൻ്റെ ജീവനാണ് കർണാടകത്തിൽ ഇന്ത്യൻ വ്യോമസേന സാഹസികമായി രക്ഷിച്ചെടുത്തത്.
ബെംഗളൂരുവിൽ എൻജിനീയറിങ്ങ് വിദ്യാർഥിയാണ് ന്യൂഡൽഹി സ്വദേശിയായ നിഷാന്ത് കൗൾ. ഞായറാഴ്‌ച രാവിലെ ഇയാൾ നന്ദിഹിൽസിൽ ട്രെക്കിങ്ങിനായി എത്തിയെങ്കിലും പുതിയ മാർഗരേഖ പ്രകാരം വാഹനങ്ങൾ അനുവദിക്കാത്തതിനാൽ തിരിച്ചയച്ചു. മുൻകൂട്ടി അനുമതി വാങ്ങുന്നവർക്ക് മാത്രമേ നന്ദി ഹിൽസിൽ പ്രവേശിക്കാൻ കഴിയൂ. നന്ദിയിൽ ട്രെക്ക് ചെയ്യാൻ കഴിയാത്തതിനാൽ തൊട്ടടുത്തുള്ള ബ്രഹ്മഗിരിയിൽ ട്രെക്ക് ചെയ്യാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു.
ബെംഗളൂരുവിൻ്റെ പ്രാന്തപ്രദേശത്തുള്ള ചെങ്കുത്തായ മലനിരകളാണ് ബ്രഹ്മഗിരി. നന്തി ഹിൽസിനോട് ചേർന്നുള്ള പ്രദേശം. ട്രെക്കിങ്ങിനിടെ 200 അടി താഴ്ചയിലേക്കാണ് നിഷാന്ത് വീണത്. കുത്തനെയായതിനാൽ തിരികെ കയറാൻ കഴിഞ്ഞില്ല. വഴിയിലുണ്ടായിരുന്ന ഒരു മരത്തിൽ കുടുങ്ങിയത് വീഴ്‌ച മന്ദഗതിയിലാക്കി. അതിരാവിലെ മലയിൽ കുടുങ്ങിയ ട്രെക്കറെക്കുറിച്ച് ഉച്ചയ്ക്ക് 12.30 ഓടെയാണ് രക്ഷാപ്രവർത്തകർക്ക് വിവരം കിട്ടുന്നത്. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വിളിച്ച് വിവരമറിയിച്ചതും ലൊക്കേഷനും ചിത്രങ്ങളുമെല്ലാം അയച്ചുകൊടുത്തതും എട്ട് മണിക്കൂറോളം ഗർത്തത്തിൽ കുടുങ്ങിക്കിടന്ന നിഷാന്ത് തന്നെയാണ്.
ചെങ്കുത്തായ മലയിലെ രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. അഗ്‌നിശമന സേനയും എസ് ഡി ആർ എഫും എൻ ഡി ആർ എഫും പരാജയപ്പെട്ടതോടെ സഹായത്തിനായി ജില്ലാ ഭരണകൂടം ഇന്ത്യൻ വ്യോമസേനയെ വിളിക്കുകയായിരുന്നു. നിഷാന്ത് നൽകിയ ലൊക്കേഷനിൽ വ്യോമസേനയുടെ എം ഐ 17 ഹെലികോപ്റ്റർ ഉപയോഗിച്ച് തിരച്ചിൽ നടത്തി. തുടർന്ന് കൂർമ്പാച്ചി മലയിലുണ്ടായ രക്ഷാ ദൗത്യം ബ്രഹ്മഗിരിയിലും ആവർത്തിക്കുകയായിരുന്നു. ഹെലികോപ്റ്ററിൽ യെലഹങ്ക എയർഫോഴ്സ് ബേസിലേക്ക് കൊണ്ടുപോയ നിഷാന്തിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.